തിരുവല്ല : വൈദ്യുതി തടസ്സം ലാല്‍ജി മറന്നു. കാരണം വ്യവസായത്തിനും വീട്ടാവശ്യത്തിനും ലാല്‍ജി സോളാര്‍ വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. സ്വയം പര്യാപ്തതയുടെ പാഠം സമൂഹത്തിന് കാട്ടിക്കൊടുക്കുകയാണ് തിരുവല്ലയിലെ വ്യവസായിയായ കിഴക്കന്‍ മുത്തൂര്‍ പട്ടവന വീട്ടില്‍ പരേതനായ പി.വി വര്‍ഗീസിന്റെയും റേച്ചല്‍ വര്‍ഗീസിന്റെയും മകന്‍ ലാല്‍ജി വര്‍ഗീസ്.
2020 ലാണ് 25 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റ് ലാല്‍ജി സ്ഥാപിച്ചത്. പുരപ്പുറത്ത് സ്ഥാപിച്ച സോളാര്‍ പാനലിലൂടെ ദിനം പ്രതി 110 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. തിരുവല്ല ലാല്‍ജി പ്രിന്റേഴ്‌സ് ആന്റ് അഡ്വര്‍ടൈസിംഗ്, കിഴക്കന്‍ മുത്തൂര്‍ ഫാം ഫ്രഷ് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് എന്നീ സംരംഭങ്ങള്‍ക്കുള്ള വൈദ്യുതി സൗരോര്‍ജത്തില്‍ നിന്നാണ് ഇദ്ദേഹം കണ്ടെത്തുന്നത്. ഇതിനു പുറമേ വീട്ടിലെ മുഴുവന്‍ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുന്നത് സൗരോര്‍ജ്ജത്തില്‍ നിന്നാണ്. ഒരു മാസം വൈദ്യൂതി ചാര്‍ജ് ഇനത്തില്‍ മുപ്പതിനായിരം രൂപയിലധികം ലാഭിക്കാന്‍ കഴിയുന്നുണ്ടെന്ന് ലാല്‍ജി പറയുമ്പോള്‍ ഭാര്യ ആലീസിന്റെ മുഖത്തും ആത്മവിശ്വാസം പ്രകടമായിരുന്നു.
ലാല്‍ജി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കാണ് നല്‍കുന്നത്. സ്വന്തം ഉപയോഗത്തിന് ശേഷമുള്ള മിച്ച വൈദ്യുതിക്ക് കെ.എസ്.ഇ.ബി പണം നല്‍കുകയും ചെയ്യും. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിനു ശേഷം കെ.എസ്.ഇ.ബി കണക്ഷന്റെ ഫിക്സഡ് ചാര്‍ജ്ജ് മാത്രമാണ് അടക്കേണ്ടിവന്നിട്ടുള്ളതെന്നും ലാല്‍ജി പറയുന്നു.
സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി 14 ലക്ഷം രൂപയോളം മുടക്കേണ്ടിവന്നു. ഇതില്‍ ഒരു രൂപ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ വ്യവസായ വകുപ്പില്‍ നിന്നോ സബ്‌സിഡിയായിട്ടു പോലും കിട്ടിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. എന്നാലും തന്റെ ആവശ്യത്തിലേയ്ക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ ഇദ്ദേഹം വളരെയധികം സന്തോഷവാനാണ്.
പത്തനംതിട്ട ജില്ല ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, തിരുവല്ല മര്‍ച്ചന്റ് അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലാല്‍ജി ഇപ്പോള്‍ കേരള അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയാണ്.