പത്തനംതിട്ട : കൂടൽ വില്ലേജിൽപെട്ട സർക്കാർ വക രണ്ട് ഏക്കർ 33 സെന്റ് ഭൂമി അനധികൃതമായി കയ്യേറിയവരിൽ നിന്നും തിരികെ പിടിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. കൂടൽ വില്ലേജിൽ സർക്കാർ വക 2 ഏക്കർ 33 സെന്റ് പുറമ്പോക്ക് ഭൂമി 23 പേർ അനധികൃതമായി കയ്യേറി കൈവശം വെച്ചിരിക്കുകയാണ്. ഈ ഭൂമി ഇന്നും രേഖകൾ പ്രകാരം സർക്കാരിന്റെ കൈവശമാണ്.
എന്നാൽ ഈ ഏക്കർ കണക്കിന് ഭൂമി കൈയേറിയ വരെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ല. സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമിയാണ് അഴിമതിക്കാർ കൈവശം വെച്ചു വരുന്നതെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ചു വരുന്നവരുടെ പേരും മേൽവിലാസവും അടങ്ങിയ ലിസ്റ്റ് വിവരാവകാശ നിയമപ്രകാരം ലഭിച്ചതും കൂടി ചേർത്താണ് റഷീദ് അധികൃതർക്ക് പരാതി നൽകിയത്.