കോഴഞ്ചേരി : പഞ്ചായത്തിന്റെ അനുമതിയില്ലാതെ മണ്ണെടുത്തതിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും തമ്മിൽ തർക്കം. തുടർന്ന് മണ്ണെടുപ്പ് നിര്‍ത്തിവെച്ചു. ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ ജംഗ്ഷന് സമീപം പൊതു സ്ഥലത്തുനിന്ന് മണ്ണെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തിരുവാഭരണ പാത കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി പഞ്ചായത്ത് ഒഴിപ്പിച്ചെടുത്ത സ്ഥലമാണ് ഇതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര വരുന്നതിന്റെ തലേന്ന് ഇവിടെനിന്ന് മണ്ണ് നീക്കംചെയ്യാൻ പൊതുമരാമത്ത് ഇടപെട്ട് നീക്കം നടത്തിയിരുന്നു. 11 കെ വി വൈദ്യുത ലൈനിന്റെ സ്റ്റേ കമ്പി നിൽക്കുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നതിലൂടെ ഘോഷയാത്ര വേളയിലെ അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും അന്ന് നീക്കം തടഞ്ഞിരുന്നു.
മണ്ണ് നീക്കം ചെയ്തതിനെ തുടർന്ന് അപകടാവസ്ഥയിലായ സ്റ്റേ കമ്പി കെ.എസ് ഇ ബി അധികൃതർ മാറ്റിസ്ഥാപിച്ചിരുന്നു. ഇന്നലെ ഇതേ സ്ഥലത്തു നിന്ന് മണ്ണെടുക്കാൻ കരാറുകാരൻ എത്തിയപ്പോഴാണ് ഒരു വിഭാഗം നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും തടഞ്ഞത്. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുകയോ പഞ്ചായത്തിൽ അപേക്ഷ നൽകുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. പ്രദീപിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും എം.എൻ.ലാൽ കുമാറിന്റെ നേതൃത്വത്തിൽ സി.പി. ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. ആറൻമുള പോലീസും സ്ഥലത്തെത്തി.