ചെങ്ങന്നൂർ : ആറുവർഷത്തിലൊരിക്കൽ നടക്കുന്ന പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ മുടിയെടുപ്പുത്സവത്തിന് കരയൊരുങ്ങി. 28-നും 29-നുമാണ് മുടിയെടുപ്പുത്സവം. ഉത്സവത്തിനു മുന്നോടിയായി 43 ദിവസത്തെ കളമെഴുത്തുംപാട്ടും വൃശ്ചികം ഒന്നിനു തുടങ്ങിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആറുവർഷം കൂടുമ്പോൾ എഴുന്നള്ളിക്കുന്നതുമായ ഭഗവതിയുടെ ഭദ്രകാളി തിരുമുടിക്ക് പുതിയ നിറച്ചാർത്ത് നൽകിയിരുന്നു. മധ്യതിരുവിതാംകൂറിലെ തിരുമുടികളിൽ ഏറ്റവും വലുപ്പമുള്ളതാണ് ഇവിടത്തെ തിരുമുടി. മുടിയെഴുന്നള്ളിപ്പുത്സവത്തിൽ ആചാരവും അനുഷ്ഠാനവും സമന്വയിക്കുകയാണ്.
28-ന് ഉച്ചയ്ക്ക് 12-ന് സമൂഹ അന്നദാനം, മൂന്നിന് തിരുമുടിയെഴുന്നള്ളത്ത് ഇടമന മഠത്തിൽനിന്നു പഴയാറ്റിൽ ദേവീക്ഷേത്രത്തിലേക്ക്, 7.45-ന് കളമെഴുത്തുംപാട്ടും, 11-ന് ഗുരുസിപൂജ, രണ്ടിന് മുടിപ്പേച്ച്, പുലർച്ചെ നാലിന് തിരുമുടിയെഴുന്നള്ളത്ത്.29-നു വൈകിട്ട് 7.15-ന് ഭക്തിഗാനാലാപനം, ഒൻപതിന് കോമരങ്ങളുടെ അകമ്പടിയോടെ ദേശഗുരുസിയെഴുന്നള്ളത്ത്. ഞായറാഴ്ച മുടിയെടുപ്പുത്സവ കമ്മിറ്റി ഓഫീസ് കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പേരിശ്ശേരി 1489-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.