ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗനിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. മൂന്ന് പേരെ കാണാതാവുകയും ചെയ്തു. റസിയ അഹമ്മദ്, ഫിറോസിയ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദേശീയ തലത്തില്‍ സംസ്ഥാനത്തിനായി കളിച്ച താരങ്ങളാണിവര്‍.
2011-12 മുതല്‍ ദേശീയ തലത്തിലുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ റസിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് മേഘാലയ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗിദിയോന്‍ ഖാര്‍കോംഗോര്‍ പറഞ്ഞു.
അതേസമയം, കാണാതായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ പോലീസ് സൂപ്രണ്ട് സില്‍വെസ്റ്റര്‍ നോങ്‌ടിഞ്ചര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തൊട്ടാകെ കനത്ത നാശനഷ്ടമുണ്ടാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.