പുനലൂര്‍ : കൊല്ലം-ചെങ്കോട്ട റെയില്‍പാതയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകള്‍ ട്രെയിന്‍ സര്‍വിസ് തടസ്സപ്പെട്ടു. പുലര്‍ച്ചെ പാലരുവി എക്സ്പ്രസ് ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പായി തെന്മല തൊരപ്പില് ഭാഗത്തായിരുന്നു മണ്ണിടിച്ചില്‍. ഇതിനെ തുടര്‍ന്ന് ട്രെയിന്‍ മൂന്നുമണിക്കൂറോളം തെന്മല റയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു.
കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാത്രി ഇതുവഴിയുള്ള പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് ഇടമണ്ണും പുലര്‍ച്ചയുള്ള ചെന്നൈ – കൊല്ലം എക്സ്പ്രസ്സും തിരികെയുള്ള പാലരുവിയും മൂന്ന് മണിക്കൂര്‍ ചെങ്കോട്ടയിലും പിടിച്ചിട്ടു. നാട്ടുകാരും റെയില്‍വേ ജീവനക്കാരും ഏറെ പണിപ്പെട്ട് ട്രാക്കിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് വേഗത താല്‍ക്കാലികമായി അധികൃതര്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം ഇരുപതടി ഉയരത്തില്‍ നിന്നുമാണ് മണ്ണിടിഞ്ഞത്.