റാന്നി : റാന്നി മേഖലയിൽ കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചു. കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിച്ച് എത്രയും വേഗം പട്ടയം ലഭ്യമാക്കാനുള്ള അനുമതി നൽകുന്നതിന് നപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ് എംഎൽഎ മന്ത്രിയെ കണ്ടത്.
റാന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ ബഹുദൂരം മുന്നേറിയിരിക്കുകയാണ്. അറയാഞ്ഞിലിമൺ ട്രൈബൽ സെറ്റിൽമെന്‍റ് പോലെയുള്ള കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങൾ ഒഴികെ മറ്റുള്ളവ സർക്കാർ ഉത്തരവുകളുടെയും കത്തുകളുടെയും പരിധിയിൽ ഉൾപ്പെടുത്തി എത്രയും വേഗം പരിഹരിക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. ഇതിനായി കഴിഞ്ഞദിവസം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ യോഗം കൂടിയിരുന്നു.