ഡൽഹി : നിര്‍ഭയ പ്രതികൾക്ക് തൂക്കുകയര്‍ ഉറപ്പിച്ചപ്പോൾ ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ബലാത്സംഗ കേസിലെ രണ്ടാമത്തെ വധശിക്ഷയാണ് നിര്‍ഭയ കേസിൽ നടപ്പാകുന്നത്. കൊൽക്കത്തയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 2004 ൽ നടന്ന വധശിക്ഷയാണ് ഇതിന് മുമ്പത്തെ കേസ്.
1990 മാര്‍ച്ച് അഞ്ചിനാണ് കൊൽക്കത്തയിൽ പതിനാല് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ധനഞ്ജോയ് ചാറ്റര്‍ജിയായിരുന്നു പ്രതി. സ്കൂൾ വിട്ടുവരുന്ന പെൺകുട്ടിയെ ഏൽപ്പിക്കാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനെ ഏൽപ്പിച്ച് അച്ഛനും അമ്മയും പുറത്ത് പോയപ്പാഴായിരുന്നു സംഭവം. ബലാത്സംഗത്തിന് ഇരയായ കുട്ടി മരിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി വര്‍ഷങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നിയമസംവിധാനത്തിനും മുന്നിൽ ഒളിച്ചുകളി തുടര്‍ന്നു. ഒടുവിൽ പോലീസ് പിടിയിലായ പ്രതിക്ക് ആലിപ്പോര്‍ സെഷൻസ് കോടതി വധശിക്ഷ വിധിക്കുന്നത് 1991 ലാണ്. കൊൽക്കത്ത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയ ശേഷം ദയാഹര്‍ജിയും തള്ളിയാണ് പതിനാല് വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ധനഞ്ജോയ് ചാറ്റര്‍ജിയെന്ന പ്രതിയെ കൊൽക്കത്തയിലെ ആലിപ്പോര്‍ ജയിലിൽ തൂക്കിലേറ്റുന്നത്.
ഏഴ് വര്‍ഷവും മൂന്ന് മാസവുമാണ് നിര്‍ഭയ നീതിക്ക് വേണ്ടി കാത്തിരുന്നതെങ്കിൽ കൊൽക്കത്തയിലെ പതിനാലുകാരിക്ക് നീതി നടപ്പാക്കി കിട്ടാൻ നീണ്ട പതിനാല് വര്‍ഷത്തെ നിയമ പോരാട്ടമാണ് വേണ്ടിവന്നത്.