പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ; ഏപ്രിൽ 24ന് ഏറ്റുവാങ്ങും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. തിങ്കളാഴ്ചയാണ് മങ്കേഷ്കര്‍ കുടുംബം പുരസ്കാരം പ്രഖ്യാപിച്ചത്. ദീനനാഥ് മങ്കേഷ്‌കറിന്റെ എണ്‍പതാം ചരമവാര്‍ഷികമായ ഏപ്രില്‍ 24 ന് ആയിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുക. മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനാനാഥ് മങ്കേഷ്കര്‍ പ്രശസ്തഗായകരായ ലതാ മങ്കേഷ്കര്‍, ആശാ ഭോസ്‍ലെ ഹൃദയനാഥ് മങ്കേഷ്കര്‍, മീനാ ഖാദികര്‍ എന്നിവരുടെ പിതാവാണ്.

ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി ഈ വര്‍ഷം മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മങ്കേഷ്കര്‍ കുടുംബവും മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ സ്മൃതി പ്രതിഷ്ഠാന്‍ ചാരിറ്റബിള്‍ ട്രസ്റ്റും പ്രസ്താവനയില്‍ പറഞ്ഞു. അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലതാ മങ്കേഷ്കര്‍ അന്തരിച്ചത്. 92-ാം വയസിലായിരുന്നു അന്ത്യം. ഇതിഹാസ ഗായികയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയില്‍ എത്തിയിരുന്നു. തന്റെ മൂത്ത സഹോദരിയായാണ് ലതാ മങ്കേഷ്കറെ കാണുന്നതെന്നും മോദി പറഞ്ഞിരുന്നു.

രാജ്യത്തിനും ജനങ്ങള്‍ക്കും സമൂഹത്തിനും ശ്രദ്ധേയവും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിക്ക് ആയിരിക്കും എല്ലാ വര്‍ഷവും ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം ലഭിക്കുക. സംഗീതം, നാടകം, കല, മെഡിക്കല്‍, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ആദ്യ അവാര്‍ഡ് ജേതാവ് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച്‌ മോദി പുരസ്‌കാരം സ്വീകരിക്കും.

മുതിര്‍ന്ന അഭിനേതാക്കളായ ആശാ പരേഖിനും ജാക്കി ഷ്‌റോഫിനും സിനിമാ മേഖലയിലെ അവരുടെ പ്രത്യേക സേവനങ്ങള്‍ കണക്കിലെടുത്ത് മാസ്റ്റര്‍ ദീനനാഥ് പുരസ്‌കാരം (പ്രത്യേക ബഹുമതി) ലഭിക്കുമെന്നും മങ്കേഷ്‌കര്‍ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. സംഗീത രംഗത്തുള്ളവര്‍ക്കുള്ള മാസ്റ്റര്‍ ദീനനാഥ് പുരസ്‌കാരം രാഹുല്‍ ദേശ്പാണ്ഡെയ്ക്ക് ലഭിക്കും. മികച്ച നാടകത്തിനുള്ള പുരസ്കാരം ‘സഞ്ജയ് ഛായ’ ക്ക് ലഭിക്കും. സാമൂഹിക സേവന രം​ഗത്തെ പ്രവര്‍ത്തനങ്ങള്‍ പരി​ഗണിച്ച്‌ നൂതന്‍ മുംബൈ ടിഫിന്‍ ബോക്സ് സപ്ലൈയേഴ്സ് ചാരിറ്റി ട്രസ്റ്റിന് മാസ്റ്റര്‍ ദീനനാഥ് ആനന്ദമയി പുരസ്‌കാരം നല്‍കും.

”ഗായകന്‍, സംഗീതജ്ഞന്‍, സ്റ്റേജ് കലാകാരന്‍ എന്നീ നിലകളില്‍ മാസ്റ്റര്‍ ദീനനാഥ്ജിയുടെ മഹത്തായ സംഭാവനകള്‍ മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, ഇതിഹാസങ്ങളെ ആദരിക്കുന്നതിനാണ് മങ്കേഷ്കര്‍ കുടുംബം മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്കര്‍ സ്മൃതി പ്രതിഷ്ഠാന്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്,” മുതിര്‍ന്ന സംഗീതജ്ഞരായ ഹൃദയനാഥ് മങ്കേഷ്‌കറും ഉഷാ മങ്കേഷ്‌കറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലതാ മങ്കേഷ്കറുടെ സ്മരണാര്‍ഥം പ്രശസ്ത ഗായകന്‍ രൂപ്കുമാര്‍ റാത്തോഡ് നയിക്കുന്ന ‘സ്വര്‍ലതാഞ്ജലി’ എന്ന സംഗീത പരിപാടിയും അവാര്‍ഡ് ദാന ചടങ്ങിനോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...