കൊച്ചി : എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥി സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തു. കെഎസ്‍യു പ്രവർത്തകരുടെ പരാതിയിലാണ് നടപടി. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന് ആറ് കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 24 വരെ ലോ കോളേജിനും ഹോസ്റ്റലിലും അവധി നൽകിയിട്ടുണ്ട്
പ്രണയ ദിനത്തിന്റെ ഭാഗമായി കോളേജില്‍ നടന്ന കലാപരിപാടികളാണ് ക്രിക്കറ്റ് ബാറ്റും വടിയുമടക്കം ഉപയോഗിച്ചുള്ള കൂട്ടത്തല്ലിലേക്ക് വഴിമാറിയത്. സംഘർഷത്തിനിടയിൽ പെൺകുട്ടികൾക്കും അടിയേറ്റു. വടികൊണ്ടുള്ള അടിയിൽ കെഎസ്‍യു പ്രവർത്തകരായ ഹാദി ഹസൻ ആന്‍റണി എന്നിവരുടെ തലയിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ വിദ്യാർത്ഥികളുടെ പരാതിയിലാണ് 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സെൻട്രൽ പോലീസ് വധശ്രമം വടികൊണ്ട് അടിച്ച് പരുക്കേൽപ്പിക്കൽ കൂട്ടംചേർന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് എടുത്തത്.
എസ്എഫ്ഐ നേതാക്കളായ ജാസ്മിൻ ജയലക്ഷ്മി എന്നിവരടക്കമുള്ളവരുടെ പരാതിയിൽ ആറ് കെ എസ്‍യു നേതാക്കളെ പ്രതിയാക്കിയും കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടികളെ ആക്രമിച്ചതിന് പ്രത്യേക കേസും പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഘർഷത്തിൽ പരുക്കേറ്റ എട്ട് കെഎസ്‍യു പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിജിത് അടക്കമുള്ള ആറ് എസ്എഫ് ഐ നേതാക്കൾ ആശുപത്രി വിട്ടു.