തിരുവനന്തപുരം : എൽ.ഡി. ക്ലാർക്ക് മുഖ്യപരീക്ഷയ്ക്കുള്ള ജില്ലാതല അർഹതപ്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലായി 2,31,447 പേർ പട്ടികയിലുണ്ട്. ഇവർക്കുള്ള മുഖ്യപരീക്ഷ നവംബർ 20-ന് നടത്തും.www.keralapsc.gov.in എന്ന വെബ്സൈറ്റിൽ അർഹതപ്പട്ടിക പരിശോധിക്കാം. കട്ട്-ഓഫ്-മാർക്ക് ഉൾപ്പെടെയുള്ള പട്ടികയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന തൊഴിൽവാർത്തയിലുമുണ്ടാകും. അർഹതപ്പട്ടിക പരിശോധിക്കാനും തൊഴിൽവാർത്തയിൽ സൗകര്യമുണ്ടാകും.
പ്രാഥമികപരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, അസിസ്റ്റന്റ് സെയിൽസ്മാൻ, വി.ഇ.ഒ. തുടങ്ങിയ മറ്റു തസ്തികകളുടെ അർഹതപ്പട്ടിക തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന മുഖ്യപരീക്ഷയിൽ പങ്കെടുക്കുവാൻ അർഹതനേടിയവരുടെ പട്ടികയാണിവ.ചില പരീക്ഷകൾ അഞ്ചുഘട്ടങ്ങളിലായി ഫെബ്രുവരി, മാർച്ച്, ജൂലായ് മാസങ്ങളിൽ നടന്നതിനാൽ ഓരോഘട്ടത്തിലും പങ്കെടുത്തവർക്ക് രജിസ്റ്റർ നമ്പറിനൊപ്പം എ, ബി, സി, ഡി എന്നിങ്ങനെ കോഡ് നൽകിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാൽ ഓരോ ഉദ്യോഗാർഥിക്കും ഏതുഘട്ടത്തിൽ പരീക്ഷ എഴുതിയെന്ന് സ്വയം ഉറപ്പുവരുത്താം.
കോവിഡ് ബാധിച്ചതിനാൽ നിശ്ചിതദിവസം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മുൻകൂട്ടി അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചാംഘട്ടമായി പരീക്ഷ നടത്തിയിരുന്നു. അവർക്ക് യഥാർഥ പരീക്ഷാതീയതിക്കുള്ള കോഡാണ് നൽകിയിട്ടുള്ളത്.ഓരോ ജില്ലയിലേക്കും അന്തിമ റാങ്ക്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ ആറിരട്ടി ഉദ്യോഗാർഥികളെയാണ് അർഹതപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്തിമപരീക്ഷയുടെ തീയതിയും വിശദമായ പാഠ്യപദ്ധതിയും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.