തിരുവനന്തപുരം : എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സിപിഐ സീറ്റുകള്‍ വെച്ച് മാറുന്ന കാര്യത്തിന് ഊന്നല്‍ നല്‍കും. കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും കൂടി വന്നതിനാല്‍ വിട്ടുവീഴ്ച്ച വേണ്ടി വരുമെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. സിപിഎം 2016ല്‍ 92 സീറ്റിലായിരുന്നു മത്സരിച്ചത്. സിപിഐ 27 ഇടത്തും മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് നടക്കില്ല. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ടുകൊടുക്കുമെന്നാണ് സൂചന. നേരത്തെ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിന് ഈ സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക നേതൃത്വമാണ് എതിര്‍പ്പ് അറിയിച്ചത്.
കേരള കോണ്‍ഗ്രസില്‍ നിന്ന് പകരം ചങ്ങനാശ്ശേരിയോ പൂഞ്ഞാറോ വാങ്ങിയെടുക്കുകയാണ് സിപിഐ ശ്രമിക്കുക. ഇന്ന് എകെജി സെന്ററില്‍ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പ്രാധാന്യവും ഇത്തരം സീറ്റുകള്‍ക്കാവും. മത്സരിച്ച് തോറ്റ ചില സീറ്റുകളാണ് സിപിഐ വിട്ടുകൊടുക്കുക. ഇരിക്കൂര്‍ സീറ്റും സിപിഐ വിട്ടുകൊടുക്കും. ഇരിക്കൂറിന് പകരം കണ്ണൂര്‍ സീറ്റാണ് സിപിഐ ആവശ്യപ്പെടാന്‍ സാധ്യത. സിപിഎം കണ്ണൂര്‍ സീറ്റ് വിട്ടുകൊടുക്കാനാണ് സാധ്യത. അതേസമയം പറവൂരും പിറവവും ഇതേ പോലെ തന്നെ കൈമാറ്റത്തിന് സാധ്യതയുണ്ട് ഇടമാണ്. ഇത് രണ്ടും തോറ്റ സീറ്റുകളാണ്. സിപിഐയും സിപിഎമ്മും ഇത് വിട്ടുകൊടുക്കാന്‍ തയ്യാറാവും.
ചര്‍ച്ചയില്‍ പ്രധാനമായും രണ്ട് സീറ്റുകളെ കേന്ദ്രീകരിച്ച് വാദങ്ങളുണ്ടാവും. ഹരിപ്പാട്, പറവൂര്‍ സീറ്റുകളിലാണ് മാറ്റം വരാന്‍ സാധ്യതയുള്ളത്. വിഡി സതീശന്‍ പറവൂര്‍ പിടിച്ചെടുത്ത ശേഷം ഇതുവരെ ഈ മണ്ഡലത്തില്‍ ഇടതുപക്ഷം ജയിച്ചിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ ഇവിടെ തോറ്റു. സിപിഎം ഈ സീറ്റ് ഏറ്റെടുത്തേക്കും. പകരം നല്‍കാനുള്ള സീറ്റാണ് സിപിഎം ആലോചിക്കുന്നത്. പിറവം നല്‍കാനാണ് സാധ്യത. അതല്ലെങ്കില്‍ പെരുമ്പാവൂര്‍ നല്‍കിയേക്കും. ഇതില്‍ പെരുമ്പാവൂര്‍ ജോസിന് കണ്ണുള്ള മണ്ഡലമാണ്. അവിടെ കേരളാ കോണ്‍ഗ്രസിന് വോട്ടുള്ള ഇടമാണ്. അങ്ങനെയെങ്കില്‍ പിറവത്ത് തന്നെ സിപിഐ മത്സരിച്ചേക്കും.
നാദാപുരവും ബാലുശ്ശേരിയും മാറണമെന്ന ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ സിപിഎം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. കൊല്ലത്ത് ഒരു സീറ്റ് സിപിഐ അധികമായി ചോദിക്കുമെന്ന് ഉറപ്പാണ്. കുന്നത്തൂര്‍ സീറ്റ് തന്നെയാവും ഇത്. കോവൂര്‍ കുഞ്ഞുമോന് സീറ്റ് നിഷേധിച്ചാല്‍ സിപിഐയിലെത്തി കുന്നത്തൂരില്‍ മത്സരിച്ചേക്കും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത പോരാട്ടം തന്നെ സിപിഎം ഇത്തവണ നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് മികച്ച ഫലമായിരുന്നു. സിപിഎം തന്നെ സീറ്റ് ഏറ്റെടുക്കും. പകരം അരൂര്‍ സിപിഐക്ക് നല്‍കിയേക്കും. അതേസമയം വിഭാഗീയത കാരണമാണ് ഈ സീറ്റ് മാറുന്നത്.