കണ്ണൂർ : ഖത്തർ ലോകകപ്പിൽ ഇഷ്ടടീമിനെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അർജന്റീനയാണ് ടീമെന്നും മെസ്സി കപ്പുമായാകും മടങ്ങുകയെന്നും ജയരാജൻ വ്യക്തമാക്കി. അർജന്റീനയാണ് എന്റെ ടീം. ഫുട്‌ബോൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവച്ച ടീമാണ് അർജന്റീന. കായികപ്രേമികൾക്കായി തുടർച്ചയായി നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതയും കാരണമാണ് ജനങ്ങളെ ഇങ്ങനെ ആകർഷിക്കാനിടയാക്കിയതെന്നും ജയരാജൻ പറഞ്ഞു.
”അർജന്റീന തോൽക്കില്ല. ജയിക്കാൻ മാത്രം ജനിച്ചവരാണവർ. മെസ്സി കപ്പുംകൊണ്ടേ പോകൂ. മെസ്സി തന്നെ അതു പറഞ്ഞിട്ടുണ്ട്. ഫുട്‌ബോൾ എന്ന കായികവിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താൽപര്യമാണ് മെസ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായികപ്രതിഭകൾ ഉയർന്നുവരട്ടെ.”മറഡോണയുടെ ഫുട്‌ബോൾ രീതി എതിരാളികളെ കവച്ചുവച്ച് ഓടി മുന്നേറുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജൻ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ താൻ ഫോർവേഡാണെന്നും ഇ.പി വ്യക്തമാക്കി. എതിരാളികളെ പ്രതിരോധിക്കല്ല കടന്നടിച്ച് മുന്നേറുന്നതാണ് എന്റെ രീതി. എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ കടന്നടിച്ച് അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും. അങ്ങനെ തകർന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോൾ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്‌ബോൾ കളിയിൽനിന്ന് അൽപം പിന്നോട്ടുപോയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.