തൃക്കാക്കര : ഇടതുപക്ഷം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെന്ന് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം ഒന്നുകൂടി വ്യക്തമാക്കി. പി.ടി തോമസിന്റെ മരണത്തോടെ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നറിയാമായിരുന്നിട്ടും ഇടതുപക്ഷം ഒരു മുന്നൊരുക്കവും നടത്തിയില്ല. സ്ഥാനാര്‍ഥിക്കായി ചര്‍ച്ച സജീവമാക്കിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യം അഡ്വ.അരുണ്‍കുമാറിനായി ചുമരെഴുത്തുവരേ നടത്തി. അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു തുല്യമായിരുന്നു. മാധ്യമങ്ങളിലേക്ക് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പോലും അയച്ചു.
അതുവാര്‍ത്തയായി. അതില്‍ പിന്നെയാണ് എല്ലാം മാധ്യമസൃഷ്ടിയാണെന്നു പറഞ്ഞ് മാധ്യമങ്ങളെ പഴിച്ച് ഇ.പി ജയരാജന്‍ രംഗത്തുവന്നത്. അതിനുശേഷമാണ് ഡോ.ജോ ജോസഫിന്റെ പേരുപോലും ഉയര്‍ന്നു കേള്‍ക്കുന്നതും അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി അവരോധിക്കുന്നതും. ഒട്ടും നിരീക്ഷണം നടത്താതെയായിരുന്നു ഇടതുപക്ഷം തൃക്കാക്കര കടക്കാന്‍ പരീക്ഷണത്തിന്റെ ഒരു പാലമിട്ടത്. അതു എട്ടു നിലയില്‍ പൊട്ടിയിരിക്കുന്നു. ഇപ്പോള്‍ ഇടതുപക്ഷത്തെ പ്രമുഖര്‍പോലും പറയുന്നത് അഡ്വ.അരുണ്‍കുമാറായിരുന്നുവെങ്കില്‍ ഇത്ര ദയനീയമായ തോല്‍വി ഇല്ലാതാക്കാമെന്നാണ്.