തിരുവനന്തപുരം : രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ജീവനക്കാരും രണ്ട് പ്രവര്‍ത്തകരും മാത്രമായിരുന്നു കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലുണ്ടായിരുന്നത്. ഒമ്പത് മണിയ്ക്ക് ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോഴേക്കും സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ വന്നിറങ്ങി. ലീഡ് നില 2157 ആണെന്ന് കണ്ടതോടെ പടക്കം വാങ്ങിക്കാന്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം. പൂഴിക്കുന്ന് ആശാന്റെ പടക്കം തന്നെ വേണമെന്ന് ജീവനക്കാരനായ രാജേഷിനോട് പറഞ്ഞു. രണ്ട് റൗണ്ട് എണ്ണി കഴിഞ്ഞപ്പോഴേക്കും കൂടുതല്‍ പ്രവര്‍ത്തകരും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും എത്തി.
ഉമയ്ക്ക് ഇരുപതിനായരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചനം നടത്തിയ ഒരേയൊരാള്‍ താനാണെന്ന അവകാശവാദവുമായാണ് ചെറിയാന്‍ ഫിലിപ്പെത്തിയത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് അദ്ദേഹം കസേരയിലിരുന്നത്. ഉമയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിന് അടുത്തേക്ക് എത്തിയപ്പോഴേക്കും വന്ന രമേശ് ചെന്നിത്തലയെ നേതാക്കള്‍ പുറത്തേക്ക് ഇറങ്ങിച്ചെന്ന് സ്വീകരിച്ചു. പിന്നീട് ടി.വി റിമോട്ടിന്റെ നിയന്ത്രണം ചെന്നിത്തലയുടെ കൈയ്യിലായിരുന്നു. ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടി,കൊടിക്കുന്നില്‍ സുരേഷ്,എന്‍.ശക്തന്‍, പഴകുളം മധു,ശരത്ചന്ദ്ര പ്രസാദ്,ജി.എസ് ബാബു അടക്കമുളളവര്‍ എത്തി. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കെ.പി.സി.സി ട്രഷറര്‍ പ്രതാപ് ചന്ദ്രന്‍ കേക്കും ലഡുവും വാങ്ങാന്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം പതിനയ്യായിരം കടന്നപ്പോഴേക്കും പ്രവര്‍ത്തകര്‍ കൊടിത്തോരണങ്ങള്‍ വീശി പടക്കം പൊട്ടിക്കാന്‍ തുടങ്ങി. മത്താപ്പൂ കത്തിച്ച് ആഘോഷങ്ങളുടെ മുന്നില്‍ നിന്നത് വി.ടി ബല്‍റാമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ദിരാഭവനില്‍ പടക്കം പൊട്ടുന്നത് ഇപ്പോഴാണെന്ന് ചെറിയാന്‍ ഫിലിപ്പിന്റെ കമന്റ്. വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ ആക്ഷേപനൃത്തം ടി.വിയില്‍ കണ്ട് നേതാക്കള്‍ പൊട്ടിച്ചിരിച്ചു. തൊട്ടുപിന്നാലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് കേക്ക് മുറിച്ച് വാര്‍ത്താസമ്മേളനത്തിലേക്ക് കടന്നു.