തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎമ്മിന് ധൈര്യമില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. എറണാകുളം ജില്ലയില്‍ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് യാതൊരു അവകാശവുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ജില്ലയിലെ എല്ലാ വികസനവും തങ്ങള്‍ കൊണ്ടുവന്നതാണ്. വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല യുഡിഎഫ് കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ എല്‍ഡിഎഫ് എതിര്‍ക്കുകയും ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളം, ഗെയില്‍ പദ്ധതി മുതലായവ ഉദാഹരണമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉമ തോമസ് ആധികാരിക വിജയം ഉറപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. തെറ്റായ പ്രചരണത്തിന് എല്‍ഡിഎഫിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനം കുറഞ്ഞാല്‍ യുഡിഎഫ് തോല്‍ക്കും എന്ന മിഥ്യാ ധാരണ ഇതോടെ പൊളിഞ്ഞു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണിത്. ഇത് ഉള്‍ക്കൊണ്ട് ജനാധിപത്യ ഭരണശൈലി പുനസ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.