തിരുവല്ല : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയിലെ എൽ.ഡി.എഫ്. കൗൺസിലർമാർ സമരം തുടങ്ങി. റോഡുകളുടെ ടാറിങ് ജോലികൾ അടിയന്തരമായി പൂർത്തീകരിക്കുക, തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക, ബിൽഡിങ് പെർമിറ്റ് നൽകുന്നതിൽ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 2023-24 കാലത്ത് റോഡ് നിർമാണത്തിന് അനുവദിച്ചതിൽ മൂന്ന് ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്ന് കൗൺസിലർമാർ വ്യക്തമാക്കി. ഈ വർഷം ഇതുവരെ 17 ശതമാനം മാത്രമാണ് ചെലവിട്ടത്. എല്ലാ ജോലികളും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.
സാമ്പത്തികവർഷം അവസാനിക്കാറായിട്ടും പണികൾ പൂർത്തീകരിക്കുന്ന സ്ഥിതിയല്ല. അസിസ്റ്റൻറ് എൻജിനീയറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച് അടിയന്തരമായി പണികൾ നടത്തുവാൻ സർക്കാർ നിർദേശം ഉണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. റോഡുപണി പുനരാരംഭിക്കുംവരെ സമരം തുടരുമെന്ന് കൗൺസിലർമാർ അറിയിച്ചു. പ്രതിപക്ഷനേതാവ് പ്രദീപ് മാമ്മൻ മാത്യു ഉദ്ഘാടനം ചെയ്തു. മഹേഷ്, തോമസ് വഞ്ചിപാലം, ഇന്ദുചന്ദ്രൻ, അനു സോമൻ, ബിന്ദു പ്രകാശ്, ഷാനി താജ്, റീന വിശാൽ, ശ്രീജ എം.ആർ., ലിന്റ തോമസ് വഞ്ചിപ്പാലം എന്നിവർ പ്രസംഗിച്ചു.