കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരില്‍ നഗരവീഥിയില്‍ മനുഷ്യമതില്‍ സൃഷ്ടിച്ച് എല്‍.ഡി.എഫ്. മഴ അവഗണിച്ചും നിരവധി പ്രവര്‍ത്തകരും ഇടതുമുന്നണി ജില്ല, പ്രാദേശിക നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരും കണ്ണികളായി. ബൈപാസില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറും ദേശീയപാത അധികൃതരും തയാറാകണമെന്നും നിര്‍ദിഷ്ട എലിവേറ്റഡ് ഹൈവേ തെക്കോട്ട് നീട്ടണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല സി.പി.എം ജില്ല സെക്രട്ടറി എം.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
നാട്ടില്‍ അക്രമവും വര്‍ഗീയ ചേരിതിരിവും മതസംഘര്‍ഷവും സൃഷ്ടിക്കുന്ന ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് അവിശുദ്ധ സഖ്യമുണ്ടാക്കി നഗരസഭ ഭരണം അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമം കൊടുങ്ങല്ലൂരിലെ മതേതര വിശ്വാസികള്‍ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷമായി ബൈപാസില്‍ വഴിവിളക്ക് സ്ഥാപിക്കാന്‍ കഴിയാത്ത കേന്ദ്ര നിലപാടിനെതിരെ ഒരക്ഷരം മിണ്ടാന്‍ ബി.ജെ.പി തയാറായിട്ടില്ല. കോണ്‍ഗ്രസും കൗണ്‍സിലറും അവരോടൊപ്പം നിലകൊള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് അധ്യക്ഷത വഹിച്ചു. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ്, നേതാക്കളായ പി.കെ ചന്ദ്രശേഖരന്, കെ.ജി ശിവാനന്ദന്, കെ.കെ. അബീദലി, കെ.വി വസന്തകുമാര്‍, വേണു വെണ്ണറ, ജോസ് കുരിശിങ്കല്‍, നഗരസഭ ചെയര്പേഴ്സന് എം.യു ഷിനിജ, വൈസ് ചെയര്മാന് കെ.ആര് ജൈത്രന്‍, പി.പി സുഭാഷ് എന്നിവര്‍ സംസാരിച്ചു.