തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ട് പ്രചാരണ ജാഥകൾ നടത്താൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 13ന് കാസർകോട് നിന്നും 14ന് എറണാകുളത്തുനിന്നും ജാഥകൾ ആരംഭിക്കും. രണ്ടു ജാഥകളും തൃശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. വടക്കൻ മേഖലയിലെ ജാഥ സിപിഎമ്മും തെക്കന്‍ കേരളത്തിലെ ജാഥ സിപിഐയും നയിക്കും. ജാഥയ്ക്കു മുന്നോടിയായി ജനുവരി 28, 29 തീയതികളിൽ എൽഡിഎഫ് ജില്ലാതല യോഗങ്ങളും 30,31 തീയതികളിൽ അസംബ്ലി തലത്തിലെ യോഗങ്ങളും നടക്കും. പ്രകടനപത്രിക തയാറാക്കാൻ ഘടകകക്ഷി നേതാക്കളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ സീറ്റു നിർണയ ചർച്ചകൾ ആരംഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. പാലാ സീറ്റുമായി ബന്ധപ്പെട്ട് എൻസിപിയിൽ യാതൊരു പ്രശ്നവും ഇല്ല. അവർക്ക് അഭിപ്രായം ഉണ്ടാകാം പ്രശ്നങ്ങളില്ല. സർക്കാർ അധികാരത്തിലെത്തിയശേഷം പല കേസുകളും സിബിഐക്കു വിട്ടിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു. സർക്കാരാണ് കേസിന്റെ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് സോളർ കേസിൽ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിൽ നാടിന്റെ വികസന മുന്നേറ്റം പ്രചാരണ വിഷയമാകും. വികസനത്തിനു തുടര്‍ഭരണം അനിവാര്യതയാണെന്നും വിജയരാഘവൻ പറഞ്ഞു.