കൊല്ലം: മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ വിശദീകരണവുമായി എല്‍.ഡി.എഫ്. ഇടയലേഖനമെന്ന് പറയാതെ അതിനുള്ള മറുപടിയാണ് ജില്ല കണ്‍വീനര്‍ എന്‍. അനിരുദ്ധന്റെ പ്രസ്താവന. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മത്സ്യമേഖലയുടെ കരുതലും ജാഗ്രതയും എക്കാലവും എല്‍.ഡി.എഫിന്റെ മുഖമുദ്രയാണെന്നും അതില്‍ പറയുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തിനായി വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. അന്ന് എം.പി എന്ന നിലയില്‍ ഇതിനെ അനുകൂലിച്ചയാളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. വസ്തുത ഇതായിരിക്കെ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ചിലര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് സദുദ്ദേശ്യപരമല്ല.
ഇറ്റാലിയന്‍ നാവികര്‍ കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മലക്കംമറിഞ്ഞപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നിന്നത് എല്‍.ഡി.എഫ് ആണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് പൂര്‍ണമായും നീതി പുലര്‍ത്തിയതും എല്‍.ഡി.എഫ് സര്‍ക്കാരാണ്.
2018 ലെ പ്രളയക്കെടുതിയില്‍ പതിനായിരങ്ങളെ രക്ഷിക്കുന്നതിന് ജീവന് ബലിയര്‍പ്പിക്കാന്‍വരെ തയാറായ മത്സ്യത്തൊഴിലാളികളെ ‘കരുതല്‍ സൈന്യ’മെന്ന ആദരവ് നല്കിയതും മുഖ്യമന്ത്രിയാണ്. തീരമേഖലയില്‍ എല്‍.ഡി.എഫ് നടപ്പാക്കിയ പദ്ധതികള്മൂലമുള്ള ജനപിന്തുണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. ഇതിനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാണ് ചിലര്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.