തിരുവനന്തപുരം: കൊടകരയില്‍ കൊള്ളയടിക്കപ്പെട്ടത് ബിജെപിക്ക് തെരഞ്ഞെടുപ്പാവശ്യത്തിന് കൊണ്ടുവന്ന കുഴല്‍പ്പണമെന്ന് എല്‍ഡിഎഫ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടന്ന ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ആവശ്യപ്പെട്ടു.
കള്ളപ്പണത്തില്‍ നിന്ന് മൂന്നര കോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഡനീക്കമാണ് വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവമായി കാണണണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മൂന്നു ദിവസംമുമ്പാണ് കുഴല്‍പ്പണമായി ബിജെപിക്ക് പണമെത്തിയത്. ഇതില്‍നിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തില്‍ ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. ക്വട്ടേഷന്‍ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും അതിന് പിന്നില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും പരാതിയുണ്ട്. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി എത്തിയ കള്ളപ്പണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിതെന്നും വിജയരാഘവന് ആരോപിച്ചു.