ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ സാധ്യമോ. നിര്‍ണായക മാറ്റങ്ങക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ നല്‍കി രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍ നിലവില്‍ കേരളമൊഴികെ എല്ലായിടത്തും കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ വേണമെന്നതില്‍ സിപിഎം നേതൃത്വത്തിന് ഏകസ്വരം. പാര്‍ട്ടിക്കു പിടിച്ചുനില്‍ക്കാനും ബിജെപിയെ ചെറുക്കാനും മറ്റു വഴിയില്ലെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പൊളിറ്റ്ബ്യൂറോയില്‍ പിണറായിപക്ഷവും സമ്മതിച്ചു. പിബി നിലപാട് 30നും 31നും കേന്ദ്ര കമ്മിറ്റി (സിസി) ചര്‍ച്ച ചെയ്യും.
2021-ല്‍ കേരളത്തിനു പുറമെ ബംഗാളിലും തമിഴ്നാട്ടിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. തമിഴ്നാട്ടില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലും ഇരുകൂട്ടരുമുണ്ട്. ബംഗാളിലും അസമിലും കോണ്‍ഗ്രസുമായി നേരിട്ടു തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ മേല്‍വിലാസമുണ്ടാക്കാനും ത്രിപുരയില്‍ ചെറുത്തുനില്‍പിനും കോണ്‍ഗ്രസ് ബന്ധം പ്രയോജനപ്പെടും.
പോളിറ്റ് ബ്യുറോയില്‍ കേരളത്തില്‍നിന്നു പങ്കെടുത്ത 4 പേരുള്‍പ്പെടെ എല്ലാവരും കോണ്‍ഗ്രസുമായുള്ള ധാരണയെ അനുകൂലിച്ചു. എന്നാല്‍ നിലവില്‍ മറ്റു പോംവഴികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. ബിജെപി കാരണമുള്ള അപകടസ്ഥിതി എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഇതു കേരളത്തിലും വിശദീകരിക്കാനാവും. സിപിഎമ്മിനെ എതിര്‍ക്കുന്നതില്‍ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെയും അവരുടെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകള്‍ വ്യത്യസ്തമാണെന്നും അതു ജനത്തിനറിയാമെന്നും നേതാക്കള്‍ പറഞ്ഞു.