പയ്യന്നൂര്‍: സംഘടനാ പ്രശ്‌നങ്ങളില്‍ ശ്വാസം മുട്ടുന്ന പയ്യന്നൂരില്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദനയായി വാഹന അപകടങ്ങള്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന പ്രാദേശിക നേതാക്കളാണ് നേതൃത്വത്തിന് തലവേദയാകുന്നത്. കഴിഞ്ഞ ദിവസം മുന്‍ യുവജന നേതാവായ ഒരു പാര്‍ട്ടി ഏരിയ കമ്മറ്റിയംഗം മദ്യപിച്ച് കാറോടിച്ച് പയ്യന്നൂരിലെ ബ്യൂട്ടി പാര്‍ലര്‍ മാനേജറായ സ്ത്രീയുടെ കാറിലിടിച്ചതാണ് അവസാന സംഭവം. സ്ത്രീയെ അസഭ്യം പറഞ്ഞതോടെ സ്ത്രീ ബഹളം വെക്കുകയും ഓടിക്കൂടിയ ആളുകള്‍ നേതാവിനെ തിരിച്ചറിയുകയും ചെയ്തു. ആളെ മനസിലാക്കിയ ചില സി.പി.എം പ്രവര്‍ത്തകര്‍ നേതാവിനെ സംഭവ സ്ഥലത്തു നിന്നും ഉടന്‍ മാറ്റുകയായിരുന്നു.
ഒരു ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മറ്റിയംഗവും ഉടന്‍ സ്ഥലത്തെത്തി നിലത്ത് കാലുറക്കാത്ത നേതാവിനെ രക്ഷിക്കുകയായിരുന്നു. പയ്യന്നൂര്‍ റൂറല്‍ ബേങ്ക് ജീവനക്കാരന്‍ കൂടിയായ ഏരിയ കമ്മറ്റിയംഗത്തിന് പാര്‍ട്ടിക്ക് നിരക്കാത്ത ബിസിനസ്സുകളില്‍ ഷെയറുണ്ടെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നേതാവിനെ രക്ഷിക്കാന്‍ ഉന്നതതല പോലീസ് ഇടപെടല്‍ നടന്നുവെന്നും ആരോപണമുണ്ട്. ഒരു മാസം മുമ്പാണ് റൂറല്‍ ബാങ്ക് ജീവനക്കാരനായ സി.പി.എം ലോക്കല്‍ കമ്മറ്റി മെമ്പറുടെ കാറിടിച്ച് ഒരു ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടത്. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ ഇടപെടലുകള്‍ പലരെയും സംരക്ഷിക്കാന്‍ നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നു വരുന്നുണ്ട്.