പത്തനംതിട്ട : കേരളത്തിലെ ചെറുകിട ഹോട്ടല്‍ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയത് “വീട്ടില്‍ ഊണ് ” സംരംഭങ്ങളാണ്. കൊവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരുന്നു. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. പലരുടെയും ചെറുകിട വ്യാപാര സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നു. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായെന്നു മാത്രമല്ല പലരും കടക്കെണിയില്‍ മുങ്ങിത്താഴ്ന്നു. ഈ സാഹചര്യത്തിലാണ് പലരും തങ്ങളുടെ വീട്ടില്‍ ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കുവാന്‍ തുടങ്ങിയത്. വീടിന്റെ സിറ്റിംഗ് റൂമില്‍ ചെറിയ രീതിയില്‍ ആരംഭിച്ച “വീട്ടില്‍ ഊണ് ” വളരെ പെട്ടെന്നാണ് പ്രചാരത്തിലായത്.
ഹോട്ടലുകളെ അപേക്ഷിച്ച് നിരക്ക് കുറവും അതോടൊപ്പം വീടുകളിലെ സ്ത്രീകള്‍ പാചകം ചെയ്യുന്ന രുചിയേറിയ വിഭവങ്ങളും ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. ഇതോടെ പലരും വീടിനോട് ചേര്‍ന്ന് ചെറിയ ഷെഡ്‌കള്‍ സ്ഥാപിച്ച് ഊണ് കഴിക്കാന്‍ വരുന്നവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കി. ഇതോടെ ഉച്ചഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്ന ബഹുഭൂരിപക്ഷം പേരും ഇത്തരം “വീട്ടില്‍ ഊണ് ” നല്‍കുന്ന വീടുകളിലേക്ക് എത്തി. എന്നാല്‍ ഇന്ന് “വീട്ടില്‍ ഊണ് ” സംരംഭങ്ങളെയും പിന്തള്ളി തെരുവോരത്ത് ലഭിക്കുന്ന “ഇലപ്പൊതി” യിലേക്ക് ജനങ്ങള്‍ മാറി. ഇതോടെ ചെറുകിട ഹോട്ടലുകള്‍ക്ക് പിന്നാലെ “വീട്ടില്‍ ഊണ് ” സംരംഭങ്ങളും ഇന്ന് പ്രതിസന്ധിയിലായി.
തെരുവോരത്തെ “ഇലപ്പൊതി” യോട് ജനങ്ങള്‍ വളരെ പെട്ടെന്നാണ് പ്രതികരിച്ചത്. ഒരു സാധാരണ വീട്ടില്‍ തയ്യാറാക്കുന്ന ഊണ് നാടന്‍ കറികളുമായി വാഴയിലയില്‍ ഭംഗിയായി പൊതിഞ്ഞു ലഭിച്ചപ്പോള്‍ ജനം ഏറെ താല്‍പ്പര്യത്തോടെ സ്വീകരിച്ചു. സ്വന്തം വീട്ടില്‍നിന്നും പൊതികെട്ടി കൊണ്ടുവരുന്ന ഊണ് കഴിക്കുന്ന അതേ രുചിയും മണവും പലരെയും വഴിയരികിലെ ഇലപ്പൊതി ഊണിന്റെ അടിമകളാക്കി. വീട്ടില്‍ അരച്ച തേങ്ങാ ചമ്മന്തിയും മുട്ട പൊരിച്ചതും മത്തി വറുത്തതുമൊക്കെ ഇലപ്പൊതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്നിനും “സ്പെഷ്യല്‍” പരിവേഷമോ കഴുത്തറപ്പന്‍ വിലയോ ആരും വാങ്ങുന്നുമില്ല. തന്നെയുമല്ല എല്ലാം അന്നന്ന് പാകംചെയ്യുന്ന ഭക്ഷണങ്ങള്‍ മാത്രമായിരുന്നു.
വഴിയരുകില്‍ ഇലപ്പൊതി വില്‍ക്കുന്നത് ആദ്യമൊക്കെ പലര്‍ക്കും മടിയായി തോന്നിയെങ്കിലും പിന്നീട് തലക്ക് മുകളില്‍ ഭീഷണിയായി ദിനംപ്രതി ഉയരുന്ന കടങ്ങളും ഇലപ്പൊതി കച്ചവടത്തിന്റെ ലാഭവും ചിന്തിച്ചപ്പോള്‍ പലര്‍ക്കും തെരുവോരത്തേക്ക് ഇറങ്ങേണ്ടിവന്നു, ജീവിക്കാന്‍വേണ്ടി. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍വരെ ഇന്ന് ഇലപ്പൊതി കച്ചവടവുമായി പത്തനംതിട്ടയിലെ തെരുവോരങ്ങളിലുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ ജീവിതം നിലനിര്‍ത്താന്‍ ആരംഭിച്ച ഇലപ്പൊതി കച്ചവടം ഇന്ന് പത്തനംതിട്ട ജില്ലയിലെ പല കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസമാണ്. തുശ്ചമായ ശമ്പളം ലഭിച്ചിരുന്ന ജോലികള്‍ ഉപേക്ഷിച്ചുകൊണ്ട് ഇലപ്പൊതി ഊണുകള്‍ വിറ്റ് അന്തസ്സായി കുടുംബം പുലര്‍ത്തുന്ന നിരവധിപ്പേരെ നമുക്ക് പത്തനംതിട്ടയില്‍ക്കൂടിയുള്ള യാത്രയില്‍ കാണാം.
തൊഴിലില്ലായ്മ മൂലം കടത്തില്‍ മുങ്ങിപോയ പല കുടുംബങ്ങളെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇലപ്പൊതി കച്ചവടത്തിന് കഴിഞ്ഞു. വലിയ മൂലധനമോ സംവിധാനങ്ങളോ ആവശ്യമില്ലാത്ത ഇലപ്പൊതി കച്ചവടം തരക്കേടില്ലാത്ത വരുമാനമാണ് കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ചാണ് ഇലപ്പൊതി തയ്യാറാക്കുന്നത്. പുറമെനിന്നുള്ള ജോലിക്കാരെ ആരും ഉപയോഗിക്കാറില്ല. വീട്ടില്‍ ഊണ് എന്ന പേരില്‍ വീടുകളില്‍ തുടങ്ങിയ കച്ചവടം ഇന്ന് പൊതു നിരത്തുകളിലേക്ക് വന്നു. രുചികരമായ ഭക്ഷണം തയ്യാറാക്കുവാനും കഷ്ടപ്പെടാന്‍ മനസുമുള്ള ആര്‍ക്കും ഇലപ്പൊതി കച്ചവടം നടത്താം.
മീന്‍, ഇറച്ചി വിഭവങ്ങള്‍ക്ക് ജില്ലയിലെ പല ഹോട്ടലുകളും ഉയര്‍ന്ന വിലയീടാക്കുമ്പോള്‍ മീനും മുട്ടയും അടങ്ങിയ ഇലപ്പൊതികള്‍ക്ക് വെറും നൂറുരൂപയാണ് വില. കടകളില്‍ 150 രൂപ വിലവരുന്ന ചിക്കന്‍ ബിരിയാണി വെറും നൂറുരൂപയ്ക്ക് മാത്രമാണ് ജില്ലയിലെ ഇലപ്പൊതി കച്ചവടക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ചോറ്, സാമ്പാര്‍, മോരുകറി, മീന്‍ വറുത്തത്, തോരന്‍, അച്ചാര്‍, ചമ്മന്തി തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ അടങ്ങുന്ന പൊതിച്ചോറില്‍ ഹോട്ടലുകളിലെ പോലെ അജിനോമോട്ടോ പോലെയുള്ള പദാര്‍ഥങ്ങള്‍ ചേര്‍ക്കാത്തതിനാല്‍ ആളുകള്‍ക്ക് സുരക്ഷിതമായി വാങ്ങി ഉപയോഗിക്കുവാനും കഴിയും.
ഗ്യാസ് പ്രതിസന്ധിയില്‍ ജില്ലയിലെ ഹോട്ടലുകള്‍ പലതും പൂട്ടിയതോടെ സാധാരണക്കാരായ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഇന്ന് ഒരേയൊരു മാര്‍ഗം ഇലപ്പൊതികള്‍ മാത്രമാണ്. വലിയ തിരക്കാണ് പല ഇലപ്പൊതി വില്പന കേന്ദ്രത്തിലും ഉച്ച സമയത്ത് അനുഭവപ്പെടുന്നത്. ദിവസവും അറുപത് മുതല്‍ തൊണ്ണൂറുവരെ പൊതികള്‍ വില്പന നടക്കാറുണ്ട് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. എല്ലാ ചിലവുകളും കഴിഞ്ഞ് നല്ലൊരു തുകയും കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിനാല്‍ വീട്ടുകാരും സന്തോഷത്തിലാണ്. ഉച്ചക്ക് 12 മണി മുതല്‍ പരമാവധി രണ്ടര വരെയാണ് വില്പന. ഇതിനിടയില്‍ കൊണ്ടുവന്ന മുഴുവന്‍ പൊതികളും വിറ്റുപോകും. ബസ്സ് ജീവനക്കാര്‍, തൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍, ദീര്‍ഘദൂര യാത്രക്കാര്‍ തുടങ്ങി എല്ലാവരും ഇത്തരം പൊതികള്‍ വാങ്ങാറുണ്ട്. പത്തനംതിട്ടയിലെ പ്രധാന നിരത്തുകളിലൊക്കെ ഇലപ്പൊതി ഊണും പാക്ക് ചെയ്ത ബിരിയാണിയും ലഭിക്കും.
































