കോന്നി : തണ്ണിത്തോട് റോഡിൽ നായകളെ ഉപേക്ഷിക്കുന്നത് വ്യാപകമാകുന്നു. തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതലുള്ള ഭാഗത്താണ് നായകളെ കൂടുതലായും ഉപേക്ഷിക്കുന്നത്. രാത്രിയിലും മറ്റും പ്ലാസ്റ്റിക് ചാക്കിൽ കെട്ടി വനഭാഗത്ത് ഉപേക്ഷിക്കുന്ന നായകുട്ടികളിൽ ചിലത് വാഹനം ഇടിച്ച് ചാവുകയും രക്ഷപെടുന്നവ തെരുവ് നായകളായി വളരുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിലാണ് പലപ്പോഴും നായകളെ ഉപേക്ഷിക്കുന്നത്.
എലിമുള്ളുംപ്ലാക്കൽ ജംഗ്ഷൻ, ഞള്ളൂർ ഫോറസ്റ്റേഷന് സമീപം, മുണ്ടോംമൂഴി, തണ്ണിത്തോട് മൂഴി തുടങ്ങിയ സ്ഥലങ്ങളിലാണ് നായകുട്ടികളെ ഉപേക്ഷിക്കുക. ഇത് തെരുവ് നായശല്ല്യം വർധിക്കുന്നതിനും കാരണമാകുന്നു. റോഡിലുപേക്ഷിക്കുന്ന നായകൾ മാലിന്യം കഴിച്ച് വളരുന്നതും തെരുവ് നായ ശല്ല്യം രൂക്ഷമാക്കുന്നുണ്ട്.
തെരുവ് നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടി ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടം സംഭവിക്കുന്നതും പതിവാകുകയാണ്. പരുക്ക് പറ്റിയ നായകളെയും ഇത്തരത്തിൽ ഉപേക്ഷിക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തിക്കുന്ന നായകുട്ടികളെ റോഡിൽ രാത്രിയിലാണ് ഉപേക്ഷിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. പോലീസും ബന്ധപ്പെട്ട അധികൃതരും പരിശോധന കർശനമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.