കോഴിക്കോട്: കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് രാജന്‍ അറസ്റ്റില്‍. ലീലയുടെ മകനെ കൊന്ന കേസില്‍ പ്രതി കൂടിയാണ് രാജന്‍. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊന്നത് കഴുത്ത് ഞെരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ രാജഗോപാലിന്റെ ഭാര്യ ലീലയുടെ (53) മൃതദേഹം നരിമട പാറക്കെട്ടിനു സമീപത്തെ വനഭൂമിയിലാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മരണം നടന്ന ദിവസം ലീല, ഭര്‍ത്താവ് രാജഗോപാല്‍, രാജന്‍, ബന്ധുക്കളായ ബാലന്‍, ചന്തു എന്നിവര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയിരുന്നുവെന്നാണ് പോലീസിനു ലഭിച്ച സാക്ഷിമൊഴി. വൈകുന്നേരം നാലുമണിയോടെ വ്യാജവാറ്റുകാര്‍ മലമുകളില്‍ സൂക്ഷിച്ചിരുന്ന വാഷ് എല്ലാവരും കുടിച്ചു. ഇതേത്തുടര്‍ന്ന് രാജഗോപാല്‍ ബോധരഹിതനായി. ഇതിനിടെ രാജനും ലീലയും തമ്മില്‍ തര്‍ക്കമുണ്ടായി. രാജന്‍ ലീലയെ അക്രമിക്കാനൊരുങ്ങി. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബാലനെയും ചന്തുവിനെയും ഇയാള്‍ കത്തി ഉപയോഗിച്ച് വെട്ടാന്‍ ഒരുങ്ങിയതോടെ ഇരുവരും ഭയന്നുമാറി. കുറച്ചു കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ലീലയെ മരിച്ച നിലയിലാണ് കണ്ടത്. ഭര്‍ത്താവ് രാജഗോപാലും മൃതദേഹം കണ്ടതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിഭ്രമിച്ച് മടങ്ങി. ചന്തുവും ബാലനും നല്‍കിയ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജനെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.