കോന്നി : “രാത്രി രണ്ട് മണിക്ക് തട്ട്കടയിൽ പോയി ചൂട് ദോശയും ചമ്മന്തിയും കഴിച്ചാലോ ” …. പെട്ടന്ന് കേൾക്കുമ്പോൾ “ഈ രാത്രിയിലോ” എന്ന് ചോദിക്കേണ്ട. എല്ലാ ഹോട്ടലുകളും തട്ടുകടകളും അടക്കുമ്പോൾ രാത്രി രണ്ട് മണിക്ക് തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലും ഉണ്ട് കോന്നിയിൽ. കലഞ്ഞൂർ മഹാദേവക്ഷേത്രത്തിന് സമീപം ഇളമണ്ണൂർ റോഡിൽ ആണ് ലീലച്ചേച്ചിയുടെ കട എന്ന പേരിൽ അറിയപ്പെടുന്ന തട്ടുകടയുള്ളത്. കലഞ്ഞൂർ മംഗലത്ത് വീട്ടിൽ മുരളിയാണ് കട നടത്തുന്നത്. മുരളിയുടെ അമ്മയായ ലീലയാണ് 42 വർഷങ്ങൾക്ക് മുൻപ് കട തുടങ്ങുന്നത്. എന്നാൽ നാല് വർഷം മാത്രേ ആയിട്ടുള്ളു രാത്രി രണ്ട് മണിക്ക് തുറക്കാൻ തുടങ്ങിയിട്ട്. രണ്ട് മണിക്ക് തുറന്നാൽ രാവിലെ ഒൻപത് മണി വരെ മാത്രമേ കട പ്രവർത്തിക്കുകയുള്ളൂ.
ആളുകൾ നല്ല ഉറക്കമാകുന്ന ഈ സമയത്ത് നിരവധിപേരാണ് ആണ് ഈ കടയിൽ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നത്. ദോശ, അപ്പം, ഇഡ്ഡലി, പുഴുങ്ങിയ മുട്ട, പ്രത്യേകം തയ്യാറാക്കുന്ന ഉള്ളി ചമ്മന്തി എന്നിവയാണ് പ്രധാന വിഭവങ്ങൾ. ഉള്ളിച്ചമ്മന്തിക്ക് വലിയ ഫാൻസ് ആണുള്ളത്. കൂടെ കഴിക്കാൻ പുഴുങ്ങിയ മുട്ടയും കട്ടൻ ചായയും നൽകും. ഇത്രയൊക്കെ ആയാൽ തന്നെ ഭക്ഷണ പ്രേമികളുടെ വായിൽ വെള്ളം നിറയും. പ്രായഭേദമന്യേ നിരവധി ആളുകൾ ആണ് ഭക്ഷണം കഴിക്കാൻ എത്തുന്നത്. കൊല്ലം, പത്തനാപുരം ഭാഗത്ത് നിന്ന് വരുന്നവരും അനവധിയാണ്. ചെറിയ കടയിൽ ഇരിക്കാൻ സൗകര്യ കുറവ് ഉള്ളതിനാൽ കാത്തിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. കുറച്ചു കാത്തിരിക്കേണ്ടി വന്നാലും രുചികരമായ ഭക്ഷണം ലഭിക്കുമല്ലോ എന്ന സന്തോഷത്തിൽ ആണ് ഭക്ഷണ പ്രേമികൾ.