കൽപ്പറ്റ : ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് തന്‍റെ പുസ്തകമല്ല മതനിരപേക്ഷതയാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മതനിരപേക്ഷതയാണ് എൽഡിഎഫിന്റെ ലക്ഷ്യം. മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവും. ഇവിടെ ഹിന്ദു ഏകീകരണത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് മുസ്ലിം ഏകീകരണമാണ്. മതരാഷ്ട്രവാദം എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടത് എന്നാണ് എൽഡിഎഫ് നിലപാട്.
നേരത്തെ ആരോടൊക്കെ സഹകരിച്ചു എന്നത് വിഷയമല്ല. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറി. പാർട്ടിയുടെ ഓരോ ഘട്ടത്തിലെയും നിലപാട് അതാതുകാലത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ആരാണ് വയനാടിനൊപ്പം നിന്നതെന്നും പി ജയരാജൻ ചോദിച്ചു. രാഹുൽ ഗാന്ധി ‘വൺ ഡേ സുൽത്താൻ’ ആണ്. വയനാട്ടിലെ ജനങ്ങളെ കോൺഗ്രസ് ചതിച്ചു. ഇപ്പോൾ വൺഡേ സുൽത്താനയാണ് വയനാട്ടിലേക്ക് എത്തിയത്. വയനാടിനെ രാഹുൽ ഗാന്ധി ഉപേക്ഷിച്ചു. ഉപതിരഞ്ഞെടുപ്പ് അതിന്റെ ഫലമാണ്.
അനുഭവങ്ങളാണ് അധ്യാപകന്മാർ. വയനാട് മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതി ഇത്തവണ മാറും. കോൺഗ്രസിൽ പരസ്യമായ അടി തുടങ്ങി. കോൺഗ്രസിന്റെ നേതാക്കന്മാർ ഇപ്പോൾ പാത്തും പതുങ്ങിയുമാണ് നടപ്പ്. പാലക്കാട് രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് കോൺഗ്രസിൽ നിന്ന് ആളുകൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വം പറയുന്ന ബിജെപി കോർപറേറ്റുകളെ സംരക്ഷിക്കുകയാണ്. കോർപറേറ്റുകൾ ബിജെപിയെ സഹായിക്കുന്നുണ്ടെന്നും പി ജയരാജൻ ആരോപിച്ചു.