കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ കരിനിയമത്തിനെതിരെ തിങ്കളാഴ്ച ദ്വീപുനിവാസികള്‍ ആഹ്വാനം ചെയ്ത നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികള്‍ കട അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവന്‍ ദ്വീപുകളിലും നാളെ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരിക്കും. ദ്വീപിലെ വിവാദ നടപടികള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ് നിരാഹാര സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദ്വീപ് ഹര്‍ത്താലിന് സാക്ഷ്യം വഹിക്കുന്നത്. 2010 ല്‍ ചില ദ്വീപുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ ദ്വീപുകളിലും ഒരുമിച്ച് കടകള്‍ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിലാദ്യമായാണെന്ന് ദ്വീപ് നിവാസികള്‍ ഓര്‍ക്കുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വീപുനിവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഓരോ ദിവസം പുതിയ കരിനിയമങ്ങളാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പാക്കുന്നത്. ഇതിനെതിരെയുള്ള പരസ്യപ്രതിഷേധങ്ങളുടെ ഭാഗമാണ് നിരാഹാരസമരവും കടയടച്ചിടലുമൊക്കെ.