കൊല്ലം : മത്സ്യമേഖലയിലെ പുതിയ ഓര്‍ഡിനന്‍സോടെ ലേല കമ്മീഷന്‍ അഞ്ചു ശതമാനമായി കുറയുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസം. നിലവില്‍ ലേലക്കാര്‍, തരകന്മാര്‍, കമ്മീഷന്‍ ഏജന്റുമാര്‍ എന്നിവര്‍ വിവിധയിനത്തില്‍ 15 മുതല്‍ 20 ശതമാനം വരെ കമ്മീഷനാണ് ഈടാക്കുന്നത്. ഇത് അഞ്ചു ശതമാനമായി നിജപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന മേഖലയുടെയും പുരോഗതിക്കായി വിനിയോഗിക്കാനാണ് പുതിയ തീരുമാനം. എന്നാല്‍, ഇതുവരെയും അന്യായ കമ്മീഷനെതിരെ രംഗത്തുവരാത്തവര്‍ ഓര്‍ഡിനന്‍സിനെതിരെ തിരിഞ്ഞത് മത്സ്യത്തൊഴിലാളികളില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.
ലേല കമ്മീഷന്‍ തുകയ്ക്കു പുറമേ 22 കിലോയിലധികം തൂക്കമുള്ള 12 കുട്ട മത്സ്യം ലേലം ചെയ്യുമ്പോള്‍ 10 കുട്ട മത്സ്യത്തിന്റെ മാത്രം വില നല്‍കല്‍, കുട്ടയില്‍ കൂനകൂട്ടി മത്സ്യം നിറയ്ക്കല്‍, കൂന വടിച്ചെടുത്ത് കിട്ടുന്ന വരുമാനം തുടങ്ങി മത്സ്യമേഖലയില്‍ നിലനിന്നിരുന്ന അനുബന്ധ ചൂഷണങ്ങള്‍ നിയമം വഴി ഇല്ലാതാകും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അഞ്ചുശതമാനം കമ്മീഷന്‍ തുകയ്ക്കു പുറമേ കൂടുതല്‍ തുക എന്തിന്റെ പേരില്‍ ഈടാക്കിയാലും ക്രിമിനല്‍ കുറ്റമാണ്.