ന്യൂഡല്‍ഹി : ഒരാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇക്കാര്യം അറിയിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. ജനുവരി 21 മുതല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി കുറഞ്ഞുവരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി പ്രതിദിന കേസുകള്‍ 50,476 ആയിരുന്നു. 24 മണിക്കൂറിനിടെ 27,409 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച ടി.പി.ആര്‍ 3.63 ശതമാനമായി കുറഞ്ഞുവെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. നിലവിലെ കോവിഡ് കേസുകളും സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആളുകളുടെ സഞ്ചാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും കത്തില്‍ പറയുന്നു. ദിനംപ്രതി കേസുകള്‍ നിരീക്ഷിക്കുന്നത് തുടരണമെന്നും ആവശ്യപ്പെട്ടു.