പൂനൈ : ആരും സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കരുതെന്ന് പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് രംഗത്ത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ഇത് രണ്ടാംതവണയാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര തലവൻ വിമർശിച്ചിരിക്കുന്നത്. മോദിയുടെ പ്രസ്താവനക്കെതിരെ സംഘ്പരിവാരത്തിന്റെ ശക്തമായ വിയോജിപ്പിനെ ഇത് സൂചിപ്പിക്കുകയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളയിൽ ഒരു അഭിമുഖത്തിനിടെയാണ് എന്നെ ദൈവം അയച്ചതാണെന്നും ഒരു സാധാരണ ജൈവിക മനുഷ്യനല്ലെന്ന് എനിക്ക് ബോധ്യമുണ്ടെന്നും മോദി പറഞ്ഞത്.
നമ്മുടെ ജീവിതകാലത്ത് ഒരാൾ വിജയത്തെയോ പരാജയത്തെയോ കുറിച്ച് വേവലാതിപ്പെടാതെ നല്ല കാര്യങ്ങൾ ചെയ്യണം. ആർക്കും തന്റെ പ്രവൃത്തികൾ കൊണ്ട് അവിസ്മരണീയനായ വ്യക്തിയായി മാറാം. എന്നാൽ ആ നില കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? അതിന്റെ തീരുമാനം ജനങ്ങൾക്ക് വിടണം. ശങ്കർ ദിനകർ കെയ്നിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുണെയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ഭഗവത് പറഞ്ഞു. ഒരാൾ സ്വയം ദൈവമാണെന്ന് അവകാശപ്പെടരുത്. നിങ്ങളിൽ ദൈവമുണ്ടോ എന്ന് ആളുകൾ തീരുമാനിക്കട്ടെയെന്നും മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ച കെയ്‌നിനെ നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയായും ഭഗവത് പ്രശംസിച്ചു. ഭഗവതിന്റെ പരാമർശം ഏറ്റെടുത്ത് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേശ് ബി.ജെ.പിയെ കടന്നാക്രച്ചു. 2024 ജൂൺ 4നു ശേഷം അജൈവ പ്രധാനമന്ത്രിയും ആർ.എസ്.എസും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ചു. അവ പ്രക്ഷുബ്ധമായി തന്നെ തുടരുന്നു. ഇന്ന് പുണെയിൽ നടന്ന ഒരു പരിപാടിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പ്രധാനമന്ത്രിയെ ശാസിച്ചു വെന്ന് ജയറാം രമേശ് എക്‌സിൽ പങ്കുവെച്ചു.