കണ്ണൂർ: കാഴ്ചയില്ലെന്ന പേരിൽ തിരമാലകളെ ഭയന്ന് നിൽക്കാൻ ഇനി അവർ തയ്യാറല്ല. എത്ര ആഴക്കടലും നീന്തിക്കയറാനുള്ള ആത്മ വിശ്വാസത്തിലാണ് അവരിപ്പോൾ. കാഴ്ചയില്ലാത്തവർക്കു വേണ്ടി പിണറായി ഗ്രാമ പഞ്ചായത്തിൽ നടന്നുവരുന്ന നീന്തൽ പരിശീലനമാണ് വേറിട്ടതാകുന്നത്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് യുവജനവിഭാഗവും ജില്ലാ യൂണിറ്റും ചേർന്ന് ഇക്കി ബീൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.മലപ്പുറത്തെ മുർഷിദ്, പി. മുഹമ്മദ് സാദിഖലി, മൻസൂർ, പാലക്കാട്ടെ ഷബീർ, ഷഫീഖ്, എറണാകുളത്തെ ലെനിൻ, മുഹമ്മദ് ഷാലിഖ്, കൊല്ലത്തെ അനസ്, മുഹമ്മദ് ഷാ, കണ്ണൂരിലെ ജിഷ്ണു ഗോപാൽ എന്നിവരാണ് അകക്കണ്ണിന്റെ വെളിച്ചത്തിൽ സുരക്ഷിതമായി മറുകരയെത്താൻ ഏറെക്കൂറെ പ്രാപ്തരായത്.
അഞ്ച് ദിവസത്തെ പരിശീലനം കൂടി കഴിഞ്ഞാൽ ഇവർ കൂടുതൽ ആത്മ വിശ്വാസമുള്ളവരാകും. കാഴ്ച പരിമിതിയുള്ളവരെ പൊതുവെ കുടുംബാംഗങ്ങൾ വെള്ളത്തിനരികിലേക്ക് വിടുന്നത് വിലക്കുകയാണ് പതിവ്.എന്നാൽ 2018ലെ പ്രളയവും തുടർന്നുണ്ടായ ദുരിതവുമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ കാരണമായത്. പത്ത് ദിവസത്തെ പരിശീലനം 19ന് സമാപിക്കും. പിണറായി എരുവട്ടി കോഴൂരിലെ കളരി ഗുരുക്കളും യോഗാദ്ധ്യാപകനുമായ എം. പ്രകാശാണ് പരിശീലകൻ. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.എം. സാജിദ്, ജില്ലാ സെക്രട്ടറി ടി.എൻ മുരളീധരൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.