കൊച്ചി : ലൈഫ് ക്രമക്കേടില്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതിയുടെ നിര്‍ദ്ദേശം. എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് നടപടി ആരംഭിച്ചു. അതിനിടെ ഐടി വകുപ്പില്‍ സ്വപ്നയെ നിയമിച്ചതിലെ അഴിമതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതികളുടെയടക്കം മൊഴിയെടുപ്പ് പൂര്‍ത്തിയായെങ്കിലും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നാണ് വിജിലന്‍സ് നിലപാട്. ഈ ആവശ്യം അംഗീകരിച്ചാണ് എന്‍ഐഎ ശേഖരിച്ച വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സ് സംഘത്തിന് കൈമാറാന്‍ കോടതി അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സി ഡാക്കിന് വിജിലന്‍സ് അപേക്ഷ നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വാട്സപ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിക്കും.