കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാംതവണയാണ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ യൂണിടാക്കിന് കരാര്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ നല്‍കുന്നതിനായി കരാറുകാരന്‍ യുണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐ ഫോണുകളില്‍ ഒന്ന് നല്‍കിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. നാലുകോടിയിലേറെ രൂപയുടെ കമ്മീഷന്‍ ഇടപാട് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായിരുന്നു ഇഡി ആദ്യം മൊഴിയെടുത്തത്.
റെഡ്ക്രസന്റുമായുള്ള ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനാണ് ഇഡിയുടെ ശ്രമം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റിലായ എം ശിവശങ്കറിനെ കോടതി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. രാവിലെ 9 മുതല്‍ ആറുവരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളോടെയാണ് കോടതി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിട്ടത്.