തിരുവനന്തപുരം : ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണ സംഘം വിപുലീകരിക്കുന്നു. കൊച്ചി യൂണിറ്റിന് പുറമെ തിരുവനന്തപുരം യൂണിറ്റും അന്വേഷണത്തില്‍ സഹകരിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉള്‍പ്പെടെ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ കൂടിയാണ് അന്വഷണസംഘം വിപുലീകരിച്ചത്. ഇതിനൊപ്പം വിജിലന്‍സ് പിടിച്ചെടുത്ത സെക്രട്ടറിയേറ്റിലെ രേഖകളും സിബിഐ ആവശ്യപ്പെടും.
ലൈഫ്മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ വരെ അന്വേഷണ പരിധിയില്‍ വരുന്ന സാഹചര്യത്തിലാണ് സിബിഐ സംഘം വിപുലീകരിച്ചത്. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതലയെങ്കിലും തിരുവനന്തപുരം യൂണിറ്റ് കൂടി ഇതില്‍ സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2018ല്‍ ദുബായിലെത്തി പ്രളയ സഹായം തേടിയപ്പോള്‍ത്തന്നെ ചട്ടലംഘനം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് റെഡ്ക്രസന്റ് വഴി ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ 20 കോടി രൂപ വാങ്ങിയത്. ഇതില്‍ സ്വപ്ന സുരേഷും സംഘവും 4 കോടി 25ലക്ഷം രൂപ കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണോ ഇടപാടുകള്‍ നടന്നതെന്ന് സിബിഐ പരിശോധിക്കും. ഇതിനായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനാണ് അന്വഷണസംഘത്തിന്റെ തീരുമാനം.
ഇതിനൊപ്പം മന്ത്രിമാരായ എസി മൊയ്തീന്‍ തോമസ് ഐസക് എന്നിവരെയും മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്. ലൈഫ്മിഷന്‍ സിഇഒ യുവി ജോസ് എന്നിവരെയും ചോദ്യം ചെയ്യും. തുടര്‍ന്നാകും കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക. വിജിലന്‍സ് കസ്റ്റഡിയിലെടുത്ത രേഖകളും സിബിഐ പരിശോധനക്കായി ആവശ്യപ്പെടും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വിജിലന്‍സ് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തത് സിബിഐ ഗൗരവത്തോടെ കാണുന്നുണ്ട്.