തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ബലപരിശോധനാ റിപ്പോർട്ട് കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല) വിജിലൻസിനു കൈമാറി. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഈ റിപ്പോർട്ട് പരിശോധിച്ചശേഷം അന്തിമ റിപ്പോർട്ട് വിജിലൻസിനു നൽകും. തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്ധരും ക്വാളിറ്റി കൺട്രോളർ (എറണാകുളം), പിഡബ്ല്യുഡി ബിൽഡിങ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിദഗ്ധ സമിതിയിലുള്ളത്. ബലപരിശോധനയിൽ വീഴ്ച കണ്ടെത്തിയാൽ അത് പുതിയ വിവാദങ്ങൾക്കു തുടക്കമിടും.
പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമ്മീഷൻ നൽകിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കിയാണ് 140 ഫ്ലാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ചു ആരോഗ്യകേന്ദ്രം നിര്‍മ്മിക്കുമെന്നാണ് കരാർ. 2019 ജൂലൈ 11നാണ് കരാർ ഒപ്പുവെച്ചത്.
ഫ്ലാറ്റ് സമുച്ചയത്തിന്റെ തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നേരത്തെ നടത്തിയിരുന്നു. എം.ശിവശങ്കറിന്റേതടക്കമുള്ള ഫോണുകൾ പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സിഡാക്കിൽനിന്ന് വിജിലൻസിനു ലഭിച്ചു. റിപ്പോർട്ടിലെ വിശദാംശങ്ങൾ പരിശോധിച്ചു വരുന്നു. ലോക്കറിലെ ഒരു കോടി രൂപ ശിവശങ്കറിന്റേതാണോയെന്ന് ഫോൺ പരിശോധനയിലൂടെ മനസിലാക്കാനാകുമെന്നാണ് വിജിലൻസ് സംഘത്തിന്റെ പ്രതീക്ഷ.