കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനും വിജിലന്‍സിനും സി.ബി.ഐ ഇന്ന് കത്ത് നല്‍കും. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ നീക്കം.
വടക്കാഞ്ചേരിയില്‍ യു.എ.ഇ. സഹായത്തോടെ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശസഹായ നിയന്ത്രണ നിയമത്തിന്‍റെ (എഫ്.സി.ആര്‍.എ.) ലംഘനം നടന്നുവെന്ന പരാതിയിലെ അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.
ഇതുവരെ സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍ ഫ്‌ളാറ്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിനോട് ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളുമായി എത്താന്‍ നേരത്തേ സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. അസ്സല്‍ രേഖകള്‍ വിജിലന്‍സിനു കൈമാറിയതിനാല്‍ ഫയലിന്റെ പകര്‍പ്പാണ് അദ്ദേഹം നല്‍കിയത്. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഇതിനുമുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയിലാണ്. രേഖകള്‍ കണ്ടെടുത്തതിന്റെ അടുത്തദിവസംതന്നെ വിജിലന്‍സ് സംഘം ഇവ കോടതിക്കു കൈമാറിയിരുന്നു.
അതേസമയം ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. വിധിയില്‍ വസ്തുതാപരമായ പിശകുണ്ടെന്നു ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കാനാകുമെന്നാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത. ഭരണാധികാരികളെ കുറ്റപ്പെടുത്താതെയുള്ള ഹൈക്കോടതിവിധി പൂര്‍ണമായും എതിരല്ലെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്.