തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി മുസ്‌ലിം ലീഗ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മുസ്‌ലിം ലീഗിന്റെ മുഖം വികൃതമായിയെന്നും കോടിയേരി കുറ്റപ്പെടുത്തി.
“തിരഞ്ഞെടുപ്പ് നേട്ടത്തിനായി മുസ്‌ലിം ലീഗ് ജമാ അത്തെ ഇസ്‌ലാമിയെയും എസ്‌ഡിപിഐയെയും കൂട്ടുപിടിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൂടുതല്‍ സ്ഥാനം നേടിയെടുക്കാന്‍ വേണ്ടിയാണ് ലീഗ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. കക്ഷികളെ കൂട്ടി അധികാരം പിടിക്കാം എന്നാണ് കോണ്‍ഗ്രസും ചിന്തിക്കുന്നത്. ലീഗിന്റെ നിലപാട് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,” കോടിയേരി പറഞ്ഞു. ബിജെപിയല്ല മുഖ്യശത്രുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണമെന്ന് കോടിയേരി വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാരിനെതിരെ വലതുപക്ഷ ശക്തികള്‍ വിശാല മുന്നണി ഉണ്ടാക്കുകയാണ്. കോ-ലീ-ബി സഖ്യം ഇതിനു ഉദാഹരണമാണ്. പ്രതിപക്ഷ സമരത്തിനു കോര്‍പ്പറേറ്റുകള്‍ പണമൊഴുക്കുന്നതായും കോടിയേരി പറയുന്നു.
ലെെഫ് മിഷനെതിരായ സിബിഐ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് കോടിയേരി ആരോപിച്ചു. “ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഗൂഢലക്ഷ്യത്തോടെയാണ് സിബിഐ ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്. സിബിഐ ഒരു കേസെടുക്കുന്നതിനു ചില ചട്ടങ്ങളുണ്ട്. അതെല്ലാം ലംഘിച്ചാണ് സിബിഐ ലെെഫ് മിഷനെതിരായ കേസെടുത്തിരിക്കുന്നത്. സിബിഐയെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി പല സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. അസാധാരണ നടപടിയാണ് സിബിഐയുടെ ഭാഗത്തുനിന്നുണ്ടായത്. സിബിഐ ഇപ്പോള്‍ അന്വേഷിക്കട്ടെ, അന്വേഷണം രാഷ്ട്രീയ പ്രേരിതമായി തിരിഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കും,” കോടിയേരി പറഞ്ഞു.
മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നു. ബിജെപി അധികാരത്തില്‍ വന്നിട്ടും ഇതുവരെ മാറാട് കലാപം സിബിഐയെ ഏല്‍പ്പിച്ചിട്ടില്ല. ലെെഫ് മിഷന്‍ വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി എന്തുകൊണ്ട് മാറാട് കലാപം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും കോടിയേരി ചോദിച്ചു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കോടിയേരി വിമര്‍ശനമുന്നയിച്ചു. സ്വര്‍ണക്കടത്ത് കേസ് ബിജെപിയില്‍ എത്തിയപ്പോള്‍ അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയ അധികാരംവച്ച് സ്ഥലം മാറ്റിയെന്നും കോടിയേരി ആരോപിച്ചു.
ബിനീഷിനെതിരായ ഏത് അന്വേഷണവും നടക്കട്ടെ. ബിനീഷിനെതിരായ എല്ലാ അന്വേഷണവും നടക്കട്ടെ. അത്തരം അന്വേഷണങ്ങളില്‍ ഇടപെടില്ലെന്നും ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് തനിക്ക് ഇപ്പോഴുമെന്ന് കോടിയേരി പറഞ്ഞു.