കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് സിബിഐ .ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റില്ല.ഇന്നലെ കൊച്ചിയില്‍ ശിവശങ്കറിനെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ മൊഴികള്‍ രേഖകളുമായും സ്വപ്നാ സുരേഷിന്റേതടക്കമുള്ള മൊഴികളുമായും ഒത്തുനോക്കിയ ശേഷമായിരിക്കും ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുക. സ്വപ്‌ന സുരേഷിന്റെയും മറ്റും മൊഴികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യാവലികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതില്‍ വന്‍ തുക കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ സിബിഐയുടെ കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ശിവശങ്കറും ഇത് വീതിച്ചെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരും ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതികളാണ്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ എന്‍ഐഎ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന് നല്‍കാനുള്ള കോഴയായിരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ സിബിഐ രണ്ടാം തവണയും ചോദ്യം ചെയ്തിരുന്നു.ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, യുനിടെക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് യൂനിടെക് എംഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ് സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കി. അതിന് ശേഷമാണ് സ്വപ്ന സുരേഷിനെയും ശിവശങ്കറിനെയും മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്‍കിയത് ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കിയതിനു പിന്നാലെയാണ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഫിനാന്‍സ് മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഈജിപ്തിലേക്ക് ഡോളര്‍ കടത്തിയെന്നു സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഡോളര്‍ കടത്തു കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്.
ഖാലിദ് മുഹമ്മദ് ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളര്‍ (1.30 കോടി രൂപ) ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ കമ്മിഷന്‍ തുകയില്‍ ഒരു കോടി രൂപ എം. ശിവശങ്കറിന് കൈക്കൂലിയായി നല്‍കിയെന്നും ഈ തുകയാണ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്നു പിടിച്ചെടുത്തതെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
2018 ലെ പ്രളയത്തിനുശേഷം വീടു നഷ്ടപ്പെട്ടവര്‍ക്കു വീടു വച്ചു കൊടുക്കാമെന്ന വാഗ്ദാനവുമായി യുഎഇയിലെ റെഡ് ക്രസന്റ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഒരു കോടി ദിര്‍ഹമായിരുന്നു (18.75 കോടി രൂപ) പദ്ധതിച്ചെലവ്. ഇതില്‍ 30 ലക്ഷം ദിര്‍ഹം യുഎഇ കോണ്‍സുലേറ്റിന് കമ്മിഷനായി ലഭിച്ചു. ഇതില്‍ നിന്ന് ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് ഈ കേസിലേക്ക് സിബിഐ കടന്നു വരുന്നത്. സിബിഐ കേസ് റദ്ദാക്കാന്‍ ലൈഫ് മിഷന്‍ സിഇഒ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. യുഎഇ കോണ്‍സുലേറ്റും യൂണിടാക്കും ചേര്‍ന്നുണ്ടാക്കിയ കരാര്‍ ലൈഫ് മിഷന്‍ അംഗീകരിച്ചത് വിചിത്രമായി തോന്നുന്നെന്ന് അന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
പ്രളയ ബാധിതര്‍ക്ക് വീടും ആശുപത്രിയും നിര്‍മ്മിക്കുന്നതിന് ഒരു കോടി യുഎഇ ദിര്‍ഹിമിന്റെ ധനസഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ യുഎഇ റെഡ് ക്രസന്റുമായി 2019 ജൂലായ് 11 ന് ധാരണാപത്രം ഒപ്പു വച്ചിരുന്നു. ഇതിനു തുടര്‍ കരാറുകളുണ്ടാക്കിയില്ല. എന്നാല്‍ വടക്കാഞ്ചേരിയിലെ 2.17 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ വീടുകളും ആശുപത്രിയും നിര്‍മ്മിക്കാന്‍ യൂണിടാക്, സാന്‍വെഞ്ച്വേഴ്സ് എന്നീ നിര്‍മ്മാണ കമ്ബനികള്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലാര്‍ ജനറലുമായി 2019 ജൂലായ് 31 ന് രണ്ടു കരാറുകളുണ്ടാക്കി.
ധനസഹായം നല്‍കിയ റെഡ് ക്രസന്റിനെയും ധാരണാപത്രം ഒപ്പുവച്ച ലൈഫ് മിഷനെയും ഒഴിവാക്കിയാണ് കരാറുണ്ടാക്കിയത്. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടക്കാനും സിഎജി ആഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കാനും ഉന്നത തലത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ രേഖപ്പെടുത്തിയ മൊഴികളും മറ്റും കോര്‍ത്തിണക്കിയുള്ള വിശദമായി ചോദ്യം ചെയ്യലാണ് നടന്നത്.