തൃശ്ശൂര്‍ : ലൈഫ് പാര്‍പ്പിട പദ്ധതി അപേക്ഷകളുടെ പരിശോധന സമയം ഈ മാസം 20 വരെ നീട്ടി. തദ്ദേശ – കൃഷി വകുപ്പുകളുടെ തമ്മിലടി കാരണം അപേക്ഷ പരിശോധന പകുതി പോലും പൂര്‍ത്തിയാകത്തത്. ആകെ ലഭിച്ച 9.2 ലക്ഷം അപേക്ഷകരുണ്ടായിരുന്നിട്ടും ഇതില്‍ 2.06 ലക്ഷം അപേക്ഷകളാണ് ഇതുവരെ പരിശോധിച്ചത്.
തലസ്ഥാന ജില്ലയില്‍ പോലും അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായത് 36 ശതമാനം മാത്രമായിരുന്നു. ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതാണ് പരിശോധന താളം തെറ്റാന്‍ പ്രധാന കാരണം. തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൃഷി അസിസ്റ്റന്റുമാരേയും നിയോഗിച്ചിരുന്നെങ്കിലും കൃഷി വകുപ്പ് ഇതില്‍ നിന്നു ഏക പക്ഷീയമായി പിന്മാറുകയായിരുന്നു. ഇതു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിനും കാരണമായി. സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കണ്ട ലൈഫില്‍ ഫെബ്രുവരി 28 ന് പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനം. പരിശോധന വൈകിയതോടെ പദ്ധതി ഇനിയും വൈകാനാണ് സാധ്യത.