തിരുവനന്തപുരം : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ സിഇഒ യു വി ജോസിനെയും ഏജൻസി ചോദ്യം ചെയ്യും. കേസിലെ കമ്മീഷൻ കാര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. സന്തോഷ് ഈപ്പനെയാണ് ചോദ്യം ചെയ്തത്.
കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടി. കരാറിലെ കമ്മീഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യൂണിടാക്കും സെയിൻ വെഞ്ചേഴ്‌സുമാണ് ഒന്നും രണ്ടും പ്രതികൾ.