തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. നാലരക്കോടിയുടെ കമ്മീഷനാണ് പദ്ധതിയില്‍ നടന്നതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു.
എന്നാല്‍ ലൈഫ് പദ്ധതിയെ താറടിച്ചുകാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലൈഫ് മിഷനോ സംസ്ഥാന സര്‍ക്കാരോ വിദേശ സഹായം തേടിയിട്ടില്ല. സര്‍ക്കാരിനെതിരെ പ്രതിപക്ഷമുയര്‍ത്തിയ മാറാലകള്‍ ഹൈക്കോടതി കീറിയെറിഞ്ഞെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ എം. ശിവശങ്കറാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കര്‍ ജോലി ചെയ്തത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലല്ല. സര്‍ക്കാരിനേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.