കൊല്ലം : മേയര്‍ പ്രസന്ന ഏണസ്റ്റ്, ഭര്‍ത്താവും സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ എക്സ് ഏണസ്റ്റ് എന്നിവരെ ഫോണില്‍ വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സ്പിരിറ്റ് കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. കടവൂര്‍ നമ്പാരത്ത് ജങ്ഷന്‍ രാധാമാധവത്തില്‍ സുജിത് എസ് തിരുവമ്പാടിയുടെ വീട്ടില്‍ കൊല്ലം ഈസ്റ്റ് പോലീസാണ് റെയ്ഡ് നടത്തിയത്. ഇയാളുടെ കാര്‍, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
സുജിത് ചെയര്‍മാനായ ട്വിസ്റ്റ് ബയോപ്ലാസ്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഫൗണ്ടേഷന്റെ ‘സേവ് അഷ്ടമുടി ക്യാമ്പയിന്‍’ സര്‍ക്കാരും കോര്‍പറേഷനും ചേര്‍ന്നുള്ള അഷ്ടമുടി സംരക്ഷണ പദ്ധതിയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ത്ത് നിരവധി പേരില്‍നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാറില്‍ ബോര്‍ഡ് വച്ചായിരുന്നു പ്രതി പണപ്പിരിവ് നടത്തിയത്. കാറില്‍ ബോര്‍ഡ് വച്ചത് നിയമാനുസൃതമാണോ എന്ന് പരിശോധിച്ചുവരികയാണ്. പണപ്പിരിവിനായി തയ്യാറാക്കിയ രസീതിന്റെ ഉറവിടം ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാണ്. സംഘടനാ ഭാരവാഹികളും അന്വേഷണ പരിധിയിലാണെന്ന് ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
മേയറെ ഫോണില്‍ വിളിച്ചു കുടുംബത്തെ കൊല്ലും, ക്വട്ടേഷന്‍ നല്‍കും, മക്കളുടെ വിവാഹം കാണാന്‍ അനുവദിക്കില്ല എന്നൊക്കെയായിരുന്നു ഭീഷണി. സമൂഹമാധ്യമത്തിലൂടെയും മുമ്പ് അപകീര്‍ത്തിപ്പെടുത്തിയിരുന്നു. എക്സ് എണസ്റ്റ് കൊല്ലം സിറ്റി പോലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം.