തിരുവനന്തപുരം : ലാത്‌വിയന്‍ യുവതി കോവളത്ത് കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉദയനെതിരെ നിര്‍ണായക സാക്ഷിമൊഴി. യുവതിയുടെ മൃതദേഹം കിടന്ന സ്ഥലത്തേക്ക് താന്‍ പോകുന്നത് ഉദയന്‍ തടഞ്ഞതായി കോവളം സ്വദേശി സൂരജ് കോടതിയില്‍ മൊഴിനല്‍കി. യുവതിയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് താന്‍ അങ്ങോട്ട് പോകാന്‍ ശ്രമിച്ചത്. വിദേശ വനിതയുടെ മൃതദേഹം പോലീസ് കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ തന്റെ ഒപ്പമുണ്ടായിരുന്ന ഉദയന്‍ ഏറെ അസ്വസ്ഥനായി കാണപ്പെട്ടു. താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ പോയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ട ചീലാന്തിക്കാട്ടില്‍ പ്രതിയോടൊപ്പം താന്‍ പോയകാര്യവും തന്റെ പേരും പറയരുതെന്ന് ഉദയന്‍ വിലക്കിയിരുന്നു.
ആദ്യമൊന്നും ഇക്കാര്യങ്ങള്‍ പറയാതിരുന്ന താന്‍ കേസിന്റെ ഗൗരവം മനസിലാക്കി ഏറെ ആലോചിച്ചാണ് പിന്നീട് പോലീസിനോട് പറഞ്ഞതെന്നും സൂരജിന്റെ മൊഴിയിലുണ്ട്. ഉദയന്‍ തന്നെ ചീലാന്തിക്കാട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് താന്‍ നെയ്യാറ്റിന്‍കര കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സൂരജ് കോടതിയെ അറിയിച്ചു. പൂനന്‍തുരുത്തിലെ ചീലാന്തിക്കാട്ടില്‍ വെളുത്ത കൈയും കാലുമുള്ള മൃതദേഹം കണ്ടതായി കേട്ടറിഞ്ഞെങ്കിലും ഭയം കൊണ്ട് അങ്ങോട്ട് പോയില്ലെന്ന് മറ്റൊരു സാക്ഷിയായ ലാലു കോടതിയില്‍ മൊഴി നല്‍കി. കാണാതായ വിദേശ വനിതയെ കണ്ടെത്തിയാല്‍ ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ നിരവധി സ്ഥലത്ത് കണ്ടിരുന്നു.
മൃതദേഹം കണ്ടകാര്യം അറിഞ്ഞ് സുഹൃത്തായ മഹേന്ദ്രന്‍ ഞെട്ടുന്നതും ഭയക്കുന്നതും താന്‍ കണ്ടിരുന്നു. ചീലാന്തിക്കാട്ടിന് സമീപമുളള ഒഴിഞ്ഞ വീടിന് പിന്നില്‍ നിരവധി പേര്‍ ചൂതുകളിക്കാന്‍ എത്തുമായിരുന്നു. മൃതദേഹം കിടന്ന സ്ഥലവും ഈ വീടും സമീപത്തായാണെന്നും ലാലു മൊഴി നല്‍കി. ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മോഹന്‍ രാജ് ഹാജരായി.