ഹൈദരാബാദ് : ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിന്‍ മാലിക്കാണ് അറസ്റ്റിലായത്. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേര്‍ക്ക് 18 വയസ് മാത്രമാണ് പ്രായം. രാജ്യത്തെ നടുക്കിയ ക്രൂര കൃത്യം നടന്ന ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ ടിആര്‍എസ് നേതാവിന്റെ പേരിലാണ്. സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതായി ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പക്കുകയായിരുന്നു.