ന്യൂഡല്‍ഹി : ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കറുകളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കി ദേശീയ പാതാ അതോറിറ്റി. രാജ്യത്ത് ഓക്‌സിജന്‍ നീക്കം സുഗമമാക്കാനുളള നടപടിയുടെ ഭാഗമാണ് നീക്കം. ഇത്തരം വാഹനങ്ങള്‍ക്ക് ഈടാക്കിയിരുന്ന യൂസര്‍ ഫീ ഒഴിവാക്കിയതായി ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.
ലിക്വിഡ് ഓക്‌സിജനുമായി വരുന്ന വാഹനങ്ങളെ ആംബുലന്‍സുകള്‍ക്ക് സമാനമായി എമര്‍ജന്‍സി വാഹനങ്ങളാക്കി കണക്കാക്കി തടസമില്ലാത്ത യാത്ര ഉറപ്പാക്കും. നിലവില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടെന്ന് ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കി. രണ്ട് മാസത്തേക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്ത് സമയബന്ധിതമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഇളവുകള്‍ അനുവദിച്ചിട്ടുളളതെന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയപാതകളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ നീക്കം വേഗത്തിലാക്കാന്‍ ഈ നടപടി സഹായിക്കുമെന്നും അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.
കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഓക്‌സിജന്‍ ലഭ്യതയില്‍ കുറവ് അനുഭവപ്പെട്ടത്. ഓക്‌സിജന്‍ വിതരണം കാര്യക്ഷമമാക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയപാതാ അതോറിറ്റിയുടെയും നീക്കം.