തിരുവല്ല : ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച് അനധികൃത വില്പന നടത്തിയതിന് ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നും അടുക്കളയുടെ പിൻഭാഗത്തുനിന്നുമായി ആറു ലിറ്റർ ജവാൻ റം കണ്ടെടുത്തു. പെരുന്ന പൂവങ്കര പാറക്കൽ കലുങ്കിന് സമീപം മാവേലിൽ വീട്ടിൽ ശശി (49) ആണ് അറസ്റ്റിലായത്. ഇന്നലെ (24) വൈകിട്ട് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് എസ് ഐ കവിരാജന് കടപ്ര മാന്നാർ മന്നത്തു പടി മണ്ണങ്കര വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്നുവെന്ന രഹസ്യവിവരം കിട്ടിയത്.
തുടർന്ന് അവിടെയെത്തിയ പോലീസ് സംഘം വീടിന്റെ വാതിൽക്കൽനിന്ന് കയ്യിലിരുന്ന കുപ്പിയിൽ നിന്നും ഒരാൾക്ക് ഗ്ലാസ്സിൽ പകർന്നുകൊടുക്കുന്നത് കണ്ടു പിടികൂടാൻ ശ്രമിക്കവേ വാങ്ങാൻ നിന്നയാൾ ഓടി രക്ഷപെട്ടു. മദ്യം വിറ്റുകൊണ്ടിരുന്ന പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയുടെ പിറകുവശം ഭിത്തിയോട് ചേർന്ന് 5 ലിറ്റർ വിദേശ മദ്യം ഷോൾഡർ ബാഗിൽ സൂക്ഷിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിൽ ഹാജരാക്കി. എസ് സി പി ഓ പ്യാരിലാൽ, പി ഓ അജയൻ എന്നിവരാണ് എസ് ഐ ക്കൊപ്പമുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.