ആലപ്പുഴ: മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗവും കൈമാറ്റവും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് പോലീസിനു പുറമെ എക്സൈസ് സേനയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ അളവില്‍ കൂടുതല്‍ മദ്യവുമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോലീസിന്റെ പിടിയിലായിരിക്കുകയാണ് ചേര്‍ത്തലയില്‍. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. ഷിബുവിനെയാണ് ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അളവില്‍ കൂടുതല്‍ മദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയിലാകുകകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷിബുവിന്റെ വാഹനത്തില്‍ നിന്നും ആറു ലിറ്റര്‍ മദ്യമാണ് പോലീസ് കണ്ടെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈവശം കൂടുതല്‍ മദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.