ഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. ആം ആദ്മി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ നിന്നാണ് സ്വവസിതിയില്‍ നിന്ന് സഞ്ജയ് സിംഗിനെ ഇ ഡി അറസ്റ്റ് ചെയ്തത്. പ്രതിഷേധമുയര്‍ത്തിയ എഎപി പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്റെ വസതിയില്‍ എത്തിയത്.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്. 2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍.